സ്വഹാബത്തിന്റെ പാദസ്പർശനമേറ്റ ഇച്ചിലങ്കോട്
(അച്ചു പച്ചമ്പള)
പരിശുദ്ധ ദീനിന്റെ വെളിച്ചവുമായി പുണ്യ പ്രവാചകൻ (സ) യുടെ അടുക്കൽ നിന്നും ഇങ്ങകലെ കേരളക്കരയിലെത്തിയ മാലിക്‌ദീനാർ (റ)വിന്റെ ചരിത്രമറിയാത്ത മലയാളികൾ കുറവായിരിക്കും
പതിനാല് നൂറ്റാണ്ട് മുമ്പ് വിശുദ്ധ മദീനയിൽ നിന്നും ദീൻ പ്രചരിപ്പിക്കാൻ വന്ന മാലിക്‌ദീനാറും സംഘവും കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയതും അവരെ സ്നേഹത്തോടെ വരവേറ്റ ഇതര മതസ്ഥരുടെ ചരിത്രവും മലയാളികൾക്ക് ഏറെ സുപരിചിതമാണ്
ആടിയുലയുന്ന പായക്കപ്പലിൽ മൈലുകൾ താണ്ടി മലയാള മണ്ണിലെത്തിയ മാലിക്‌ദീനാർ സംഘം പിന്നീട് പല ദിക്കുകളിലേക്കും ദീനി ദഅവത്തിനിറങ്ങി ശിഷ്ഠ കാലം അവിടെ താമസമുറപ്പിക്കുകയായിരുന്നു അക്കൂട്ടത്തിൽ നമ്മുടെ കാസറഗോഡ് ജില്ലയിലേക്കും അവരുടെ സാനിദ്ധ്യം കൊണ്ട് സൗഭാഗ്യം നേടാൻ കഴിയുകയുണ്ടായി
കാസറഗോഡ് ജില്ലയിലെ തളങ്കരയിലും ഇച്ചിലങ്കോടിലും എത്തിപ്പെട്ട മാലിക്‌ദീനാർ പിന്നീടുള്ള കാലം ഈ നാടുകളിൽ ചിലവഴിച്ചു എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്
ഇന്ന് കാണുന്ന ഇച്ചിലങ്കോട് പള്ളിയോട് ചേർന്നുള്ള പുഴയിലൂട ഷിറിയ പുഴ വഴി ഹിജ്‌റ 37ൽ ഇവിടെ വന്ന് എത്തിപ്പെട്ട റാഫി ഇബ്നു ഹബീബ് മാലിക്കുദ്ദീനാർ (റ) ഏകദേശം മുപ്പത്തിയാറ് വർഷത്തോളം ഇവിടെ ജീവിക്കുകയും ഹിജ്‌റ 73ല്‍ വഫാത്താവുകയും ചെയ്ത മഹാനാണ് അവരെ കൂടാതെ അവരോടൊപ്പം ഉമർ,ഹാറൂൻ,ഉസ്മാൻ,അബ്ദുല്ല,അലി,അബ്ദുല്‍ റഹ്മാൻ തുടങ്ങി ആറ് മഹാന്മാരും അവരുടെ കൂടെ ഉണ്ടായിരുന്നു
കാസറഗോഡ് തളങ്കരയിൽ നിർമ്മിച്ചത് പോലെയുള്ള നിസ്കാരപ്പള്ളി (ചെമ്പിന്റെ ഓട് കൊണ്ട് നിർമിച്ച പള്ളി ) ഇവിടെ ഈ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു പിന്നീട് ചിലർ അത് പൊളിച്ചു മാറ്റി വിപുലീകരിച്ചപ്പോൾ നഷ്ട്ടമായ ആ പഴയ സൗന്ദര്യത്തെ ഇന്നും നാട്ടുകാർ വേദനയോടെ ഓർക്കുകയാണ് അവർ വുളൂഅ എടുത്തിരുന്ന പഴയ വലിയ കുളവും പഴയ കാലത്ത് എന്തെങ്കിലും പ്രശ്നം വന്നാൽ സത്യം ചെയ്യാനുപയോഗിച്ചിരുന്ന നേലക്കയര്‍ എന്ന് പറയുന്ന ചെമ്പിനാൽ നിർമ്മിച്ച അതി പുരാതനമായ കയറുമൊക്ക ഇന്നും അവിടെ പോയാൽ നമുക്ക് കാണാൻ പറ്റുന്നതാണ്
ഒരുപാട് ചരിത്ര സംഭവങ്ങൾക്കും കഷിഫ് കറാമത്തുകൾക്കും സാക്ഷിയായ ഇച്ചിലങ്കോട് മാലിക്‌ദീനാർ ദർഗ്ഗാ ശരീഫ് സിയാറത്തിന് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നത് പതിവ് കാഴ്ചയാണ്
ഇന്ന് അഞ്ഞൂറിൽ പരം വീടുകളുള്ള ഇച്ചിലങ്കോട് മസ്ജിദിന്റെ കീഴിൽ വേറെയും പള്ളികളും മദ്രസകളും നടത്തി വരുന്നു ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഇവിടെ നടത്തി വരാറുള്ള ഉറൂസ് കൊറോണ കാരണം ഇപ്പ്രാവശ്യം ഏഴ് വർഷമായി നീണ്ടു പോയിരിക്കുകയാണ്
പണ്ട് കാലത്ത് നാല്പത് ദിവസക്കാലം നീണ്ടു നിൽക്കുന്ന മതപ്രസംഗ പരമ്പരയാണ് ഇവിടെ നടന്നു വന്നിരുന്നത് എന്നാണ് പഴമക്കാർ പറയുന്നത്
കേരളത്തിനകത്തും പുറത്തുമുള്ള ഒരുപാട് സയ്യിദന്മാരും പണ്ഡിതന്മാരും അണിനിരക്കുന്ന ഉറൂസ് മതപ്രഭാഷണ പരമ്പരയിലേക്ക് ദിനേന എത്തുന്നത് ആയിരകണക്കിന് വിശ്വാസികളാണ് അതുപോലെതന്നെ ഇവിടുത്തെ മറ്റൊരു പ്രതേകത എന്നത് ഇച്ചിലങ്കോട് മാലിക്‌ദീനാർ ഉറൂസ് ഉദയാസ്തമന ഉറൂസായിട്ടാണ് അറിയപ്പെടുന്നത് ഉദയം മുതൽ അസ്തമയം വരെ വിശ്വാസികൾക്ക് അന്നദാനം നൽകി കൊണ്ടുള്ള ഉറൂസ് ഇവിടുത്തെ മറ്റൊരു പ്രത്യേകത കൂടിയാണ്.