കോൺക്രീറ്റോ ഇരുമ്പോ കൊണ്ടല്ല ; വേരുകൾ കൊണ്ട് പാലം നിർമ്മിച്ച ഹാലിവറിനെ പത്മശ്രീ നൽകി ആദരിച്ചു

മരങ്ങളുടെ വേരുകൾക്കൊണ്ട് പാലം പണിത മനുഷ്യൻ, രാജ്യം പത്മശ്രീ നൽകി ആദരിച്ചു .
ആരാണ് ഹാലിവാർ? മേഘാലയിലെ മഴക്കാടുകൾക്കിടയിൽ, പുഴകൾക്കും കൊക്കകൾക്കും മുകളിലൂടെ , കോൺക്രീറ്റോ ഇരുമ്പോ കൊണ്ടല്ല മറിച്ച് ജീവനുള്ള മരങ്ങളുടെ വേരുകൾകൊണ്ട്, നൂറ്റാണ്ടുകളായി നിലകൊള്ളുന്ന അത്ഭുത പാലങ്ങളുണ്ട്. പ്രകൃതിയും മനുഷ്യനും ചേർന്ന് സൃഷ്ടിച്ച, ഈ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ ലോകത്തിന് പരിചയപ്പെടുത്തുകയും, സംരക്ഷിക്കുകയും ചെയ്ത വ്യക്തിയാണ് ഹാലിവാർ.
പത്ത് വയസ്സുള്ളപ്പോൾ വേരുകൾ വളർത്തി പാലങ്ങളാക്കുന്ന രീതി കണ്ടുതുടങ്ങിയ ഹാലിവാർ, പിന്നീട് അതിനെ ജീവിതദൗത്യമാക്കി. കുരുമുളകും അടക്കയും കൃഷി ചെയ്തിരുന്ന അദ്ദേഹം , അതിനൊപ്പം വേറ് പാലങ്ങൾ പരിപാലിക്കാനും, പുതിയ തലമുറക്ക് ഈ പാരമ്പര്യം കൈമാറാനും ജീവിതം സമർപ്പിച്ചു. കോൺക്രീറ്റ് പാലങ്ങളുടെ കാലത്തും, ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകം ഇല്ലാതാകാതിരിക്കാൻ, ഗ്രാമീണ സമൂഹങ്ങളെ ഒരുമിപ്പിച്ച് അദ്ദേഹം പ്രവർത്തിച്ചു. കാലങ്ങൾ കഴിയുംതോറും കൂടുതൽ ശക്തമാകുന്ന ഈ വേരുപാലങ്ങൾ, ഇന്ന് സുസ്ഥിര വികസനത്തിന്റേയും, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യബുദ്ധിയുടെയും മികച്ച മാതൃകയാണ്. ഹാലിവാരിന്റെ ഗ്രാമമായ സിയേജ് , ഇന്ന് വർഷംതോറും പതിനായിരത്തിലധികം സന്ദർശകരെ ആകർഷിക്കുന്നു. പ്രകൃതിയെ കീഴടക്കുന്നതല്ല, അതിനൊപ്പം ചേർന്ന് വളരുന്നതാണ്, യഥാർത്ഥ പുരോഗതിയെന്ന് ലോകത്തെ ഓർമ്മിപ്പിച്ച ഹാലിവാരിന്റെ പതിറ്റാണ്ടുകളായുള്ള സമർപ്പണത്തിനാണ്, രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.


