ബന്തിയോട്: മംഗൽപ്പാടി, മുട്ടം കടപ്പുറത്ത് മത്സ്യബന്ധന തോണിയും എഞ്ചിനും വലയും കത്തി നശിച്ചു. ബേരിക്ക, ബങ്കരമുട്ടത്തെ കീർത്തേഷ് ദാമോദരൻ്റെ ഉടമസ്ഥതയിലുള്ള തോണിയും മത്സ്യബന്ധന സാമഗ്രികളുമാണ് കത്തി നശിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ 2.30 മണിയോടെ മത്സ്യബന്ധനത്തിനു പോകാൻ എത്തിയ തൊഴിലാളികളാണ് അഗ്നിക്കിരയായ കാര്യം ആദ്യം കണ്ടത്.
ഇവർ ഉടൻ തന്നെ കുമ്പള പൊലീസിനെയും ഉടമയായ കീർത്തേഷിനെയും വിവരമറിയിച്ചു.
തീയണച്ചുവെങ്കിലും തോണിയും മറ്റും കത്തി നശിച്ചു.
സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയത്തിൻ്റെ പേരിൽ പത്തോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. മത്സ്യബന്ധനം കഴിഞ്ഞ് ബുധനാഴ്‌ച രാവിലെയാണ് തോണി കരയിൽ എത്തിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ മത്സ്യബന്ധനത്തിനു പോകേണ്ടതായിരുന്നു.
ഇൻസ്പെക്ടർ കെ.പി വിനോദ് കുമാർ, എസ്.ഐ.മാരായ വി.കെ വിജയൻ, ഗണേഷ് എന്നിവർ മുട്ടം കടപ്പുറത്തെത്തി തോണിയും മറ പരിശോധിച്ചു. ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തി..
ബേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുള്ളത് എന്നും നാട്ടുകാർ പറയുന്നു.
കുമ്പള പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പോലീസ് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു.
