ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടമുണ്ടായിട്ടും മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലെ മൂന്നാം നിലയിൽ

0 0
Read Time:3 Minute, 36 Second

ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടമുണ്ടായിട്ടും മഞ്ചേശ്വരം താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലെ മൂന്നാം നിലയിൽ

ഉപ്പള: കേരളത്തിൽ പുതുതായി അനുവദിച്ച താലൂക്കുകൾക്കെല്ലാം സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുമ്പോഴും മഞ്ചേശ്വരം താലൂക്ക് ആസ്ഥാന മന്ദിരത്തിന് ഇന്നും വിശ്രമം. ബാബു പോൾ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഉമ്മൻചാണ്ടി സർക്കാരാണ് കേരളത്തിൽ പുതുതായി താലൂക്കുകൾ പ്രഖ്യാപിക്കുമ്പോൾ ജനപെരുപ്പം കൊണ്ട് ഏറെ ക്ലേശം അനുഭവിച്ച മഞ്ചേശ്വരത്തിന് പുതിയ താലൂക്ക് നൽകിയത്. താലൂക്ക് പ്രഖ്യാപിച്ച് വർഷം 10 കഴിയുമ്പോഴും ഇന്നും ഉപ്പളയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താലൂക്ക് ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്നത്. ദിനേന നിരവധി ആളുകൾ ആശ്രയിക്കുന്ന താലൂക്കിന്റെ മൂന്നാം നിലയിലെ കോണിപ്പടികൾ കയറി തളർന്നുവീഴുന്ന വൃദ്ധജനങ്ങൾ ഇവിടെ നിത്യ കാഴ്ചയാണ്.
മഞ്ചേശ്വരം നിവാസികളുടെ ചിരകാല സ്വപ്നമായ താലൂക്ക് ഓഫിസ് ചിലരുടെ വാശി കാരണം അനന്തമായി നീണ്ടു പോകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ, മംഗൽപാടി ഗ്രാമപഞ്ചായത്തിന് സമീപമുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം താൽക്കാലികമായെങ്കിലും ഉപയോഗിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. നിലവിൽ ഈ കെട്ടിടത്തിൽ വല്ലപ്പോഴും തുറക്കുന്ന ഒരു തയ്യൽ പരിശീലന കേന്ദ്രവും, ലക്ഷങ്ങൾ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ലേഡീസ് ജിംനേഷ്യവും തുരുമ്പെടുത്തു നശിക്കുകയാണ്. പൊതുജനത്തിന് ഒരു ഉപകാരവും ഇല്ലാത്ത ഇവ നീക്കം ചെയ്താൽ തന്നെ താലൂക്കിന്റെ പ്രവർത്തനം സുഖമമായി കൊണ്ടുപോകാൻ കഴിയുമെന്നാണ് എൻ.സി.പി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ടും, വിവരാവകാശ പ്രവർത്തകനുമായ മെഹമ്മൂദ് കൈക്കമ്പയുടെ അഭിപ്രായം.
നിർദിഷ്ട സ്ഥലത്ത് താലൂക്ക് ആസ്ഥാന മന്ദിരം യാഥാർത്ഥ്യമാക്കാനും, താൽക്കാലികമായി ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് താലൂക്ക് ഓഫീസ് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബഹുജന ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ഇത് സംബന്ധിച്ച് റവന്യൂ, പഞ്ചായത്ത്, മന്ത്രിമാർ അടക്കമുള്ളവർക്ക്‌ നേരിട്ട് കണ്ട് നിവേദനം നൽകാനും ആക്ഷൻ കമ്മിറ്റി ആലോചനയിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!