രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹം ഇന്ന് മാടന്തറയിൽ:മംഗല്യസ്വപ്നം പൂവണിയുന്നത് 800 പേർക്ക്
ഗൂഡല്ലൂർ: പാടന്തറ മർകസ് രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹത്തിന് സാക്ഷിയാകുന്നു. 800 നിർധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 30ാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തിൽ ഒരുക്കുന്ന സമൂഹ വിവാഹ മഹാ സംഗമം ഞായറാഴ്ച നടക്കും.
ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ ഒരുകൂട്ടം യുവതികളെ പ്രതീക്ഷയേകി പുതുജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് എസ് വൈ എസും ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തിൽ പാടന്തറ മർകസും.
പ്രായം തികഞ്ഞ പെൺമക്കളെ ഓർത്ത് വിലപിക്കുന്ന ഒരുകൂട്ടം മനുഷ്യർക്കാണ് ഇവിടെ സാന്ത്വന സ്പർശമാകുന്നത്. സമൂഹ വിവാഹത്തിൽ ചോലാടിയിലെ ആദിവാസി സരസുവിന്റെ കുടുംബം വലിയ സന്തോഷത്തിലാണ്. സൂസംപാടിയിലെ കൂലിപ്പണിക്കാരനായ മൂർത്തി തന്റെ മകളുടെ വിവാഹം ഉറപ്പിച്ചപ്പോൾ പാടന്തറ മർകസിനെ സമീപിച്ചു. ഒരു മടിയും കൂടാതെയാണ് കുട്ടിയെ സമൂഹ വിവാഹ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. അപേക്ഷ നൽകിയവരിൽ വാടക വീടുകളിൽ കഴിയുന്നവരും അനാഥകൾക്ക് തുല്യരായവരും കുടുംബനാഥന്മാർ രോഗികളായവരുമുണ്ട്.
ബിദർക്കാട് മാണിവയലിൽ ആന്റണിയുടെ 30 തികഞ്ഞ പെൺകുട്ടിയുടെ വിവാഹവും ഇക്കൂട്ടത്തിലുണ്ട്. അവർക്കും ദേവർശോല ഉസ്താദിനെയും സ്ഥാപനത്തെയുംപറ്റി പറയുമ്പോൾ നൂറ് നാവാണ്. നനഞ്ഞ കണ്ണുകളോടെ സങ്കടം ഉള്ളിൽ ഒതുക്കി നീലഗിരിയിലെ ഉമ്മമാർ സലാം ഉസ്താദിന് വേണ്ടി മനമുരുകി പ്രാർഥിക്കുന്നു.
കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരാണ് നീലഗിരിയിലെ ബഹുഭൂരിഭാഗവും. പ്രദേശത്തെ 60ഓളം മഹല്ലുകളിലും ചേരികളിലും വിവാഹ പ്രായം കഴിഞ്ഞ ധാരാളം പെൺകുട്ടികളുണ്ട്. 2014 മാർച്ചിൽ 114 വധൂ വരന്മാർക്ക് മംഗല്യത്തിന് അവസരം ഒരുക്കിയാണ് തുടക്കം കുറിച്ചത്.