ജിദ്ദ: ഇന്ത്യയില്‍ നിന്നും സന്ദര്‍ശക വിസയിലുള്ളവരും സൗദിയില്‍ എത്തിത്തുടങ്ങി. കേരളത്തില്‍ നിന്നുള്ള കുടുംബം ഇന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ദുബായ് വഴിയാണ് ഇവര്‍ റിയാദിലെത്തിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും റെയിന്‍ബോ മില്‍ക്കില്‍ സെയില്‍സ് മാനേജരുമായ മുജീബുറഹ്മാന്റെ കടുംബമാണ് ഇന്ന് റിയാദിലെത്തിയത്.
മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിെന്റ ഒരു വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനായിരുന്നു ഇന്ത്യയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്നും സ്റ്റാമ്ബ് ചെയ്തിരുന്നത്. എന്നാല്‍ കോവിഡ് കരണമുണ്ടായ യാത്രാ നിരോധം കാരണം സൗദിയിലെത്താന്‍ കഴിയാതെ കാത്തിരിക്കുന്നതിനിടയിലാണ് വിസയുള്ളവര്‍ക്ക് ദുബായ് വഴി സൗദിയിലെത്താം എന്നുള്ള വാര്‍ത്ത വരുന്നത്.
എന്നാല്‍ സന്ദര്‍ശക വിസക്കാര്‍ക്കും ഈ രീതിയില്‍ വരാന്‍ കഴിയുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഈ ആശങ്കക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ദുബായിലെ സന്ദര്‍ശക വിസ നേടി മുജീബുറഹ്മാന്‍ റിയാദില്‍ നിന്നും ഫ്ളൈ നാസ് വിമാനം വഴി ദുബായിലെത്തുകയായിരുന്നു. അതെ സമയം തന്നെ കുടുംബത്തെയും യൂ.എ.ഇ സന്ദര്‍ശക വിസയെടുത്ത് സ്പൈസ് ജെറ്റ് വിമാനം വഴി ദുബായിലെത്തിച്ചു. ശേഷം ദുബായില്‍ ഹോട്ടലില്‍ റൂമെടുത്ത് 15 ദിവസം ക്വാറൈന്റനില്‍ ഇരുന്നു. പിന്നീട് റിയാദിലേക്ക് വരുന്നതിന് മുമ്ബ് മുഴുവന്‍ അംഗങ്ങളും ദുബായില്‍ നിന്നും കോവിഡ് പി.സി.ആര് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് പരിശോധന റിസള്‍ട്ട് നേടി. സൗദിയിലേക്കുള്ള യാത്രക്കാരാണ് എന്നുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 180 ദിര്‍ഹമാണ് ഇതിന് ചിലവ് എന്ന് മുജീബുറഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നു. ദുബായില്‍ നിന്നും റിയാദിലേക്ക് കുടുംബത്തിനുള്ള ഫ്ലൈ നാസ് വിമാന ടിക്കറ്റുകള്‍ നേരത്തെതന്നെ ഓണ്‍ലൈന്‍ വഴി എടുത്തു വെച്ചിരുന്നു. ഇതുപ്രകാരം ദുബായില്‍ നിന്നും ഇവര്‍ ഒന്നിച്ച് റിയാദിലെത്തുകയായിരുന്നു.
വിമാനത്താവളത്തില്‍ ഇവരുടെ പാസ്പോര്ട്ടുകള് സൗദി എമിഗ്രേഷന്‍ വിഭാഗം പരിശോധിച്ച് ദുബായില്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരുന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും ഈ ദിവസത്തിനുള്ളില്‍ മറ്റു എവിടെയെങ്കിലും യാത്ര ചെയ്തിരുന്നോ എന്ന് അന്ന്വേഷിക്കുക മാത്രമാണ് ഉണ്ടായതെന്നും മുജീബുറഹ്മാന്‍ പറയുന്നു. ദുബായില്‍ നിന്നും സൗദിയിലേക്കുള്ള യാത്ര തടസ്സപ്പെട്ടാല്‍ കുടുംബത്തെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുകയും താന്‍ റിയാദിലേക്ക് മടങ്ങുകയും ചെയ്യുക എന്നതായിരുന്നു തീരുമാനമെന്നും എന്നാല്‍ എവിടെയും യാതൊരു പ്രശ്നങ്ങളുമില്ലാതെ കുടുബത്തിന് സൗദിയിലെത്താന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും മുജീബുറഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.