ദോഹ: ഖത്തറിന്റെ പുതിയ യാത്രാ നയം ജൂലൈ 12 തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി അധികൃതര്‍.
ഇന്ത്യന്‍ എംബസി പുറത്തുവിട്ട പുതിയ യാത്രാ നയങ്ങള്‍
1. കോവിഷീല്‍ഡ് ഉള്‍പ്പടെ ഖത്തര്‍ അംഗീകരിച്ച വാക്സിന് പൂര്‍ത്തിയാക്കിയ റസിഡന്റ് പെര്മിറ്റുള്ളവര്ക്ക് ക്വാറന്റൈന് ആവശ്യമില്ല. എന്നാല്‍ രക്ഷിതാക്കളുടെ കൂടെ വരുന്ന 0-17 വയസുവരെയുള്ള വാക്സിനെടുക്കാത്ത കുട്ടികള്‍ 10 ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണം.
2. വാക്സിനെടുക്കാത്ത രക്ഷിതാക്കള്‍ക്കും അവരുടെ കൂടെ വരുന്ന കുട്ടികള്‍ക്കും വാക്സിനേഷന് പൂര്‍ത്തീകരിച്ചില്ലെങ്കിലും, ഭാഗികമായി വാക്സിനെടുത്തവരും, വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവരും നിര്‍ബന്ധിതമായ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം.
3. ഫാമിലി സന്ദര്‍ശക വിസ, ബിസിനസ്, ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനേഷന് പൂര്‍ത്തീകരിച്ചവരാണെങ്കില്‍ ക്വാറന്റൈന് ആവശ്യമില്ല. എന്നാല്‍ വാക്സിനെടുക്കാത്ത 0-11 വയസുവരെയുളള കുട്ടികളെ ഫാമിലി വിസിറ്റ് വിസ, ബിസിനസ്, ടൂറിസ്റ്റ് വിസകളില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
4. വാക്സിനെടുക്കാത്ത മുതിര്‍ന്നവരേയും അവരുടെ കൂടെ വരുന്ന കുട്ടികളേയും ഫാമിലി വിസിറ്റ് വിസ, ബിസിനസ്, ടൂറിസ്റ്റ് വിസകളില്‍ അനുവദിക്കില്ല.
5. യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് ആര്.ടി.പി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റ് എല്ലാ യാത്രക്കാരും കൈയ്യില്‍ കരുതണം.
6. യാത്ര പുറപ്പെടുന്നതിന്റെ 12 മണിക്കൂറെങ്കിലും മുമ്പായി എല്ലാ യാത്രക്കാരും ഇഹ്തിറാസ് വെബ്സൈറ്റില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം
7. ഖത്തറിലെത്തുമ്പോള്‍ യാത്രക്കാര്‍ സ്വന്തം ചിലവില്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം. കൊവിഡ് പോസിറ്റീവായാല്‍ ഐസൊലേഷനില്‍ പോവേണ്ടി വരും.