സമസ്ത നൂറാം വാർഷികം: ചരിത്രം കുറിക്കാൻ കാസറഗോഡ് ഒരുങ്ങി; ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാ സമ്മേളനം ഇന്ന് വൈകിട്ട്

കാസർകോട്: സമസ്‌ത നൂറാംവാർഷിക
മഹാസമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള
പൊതു സമ്മേളനം ഇന്ന് (ഞായർ) വൈകിട്ട് നടക്കും.
സമ്മേളന നഗരിയിലേയ്ക്ക് രാവിലെ തന്നെ
പ്രവർത്തകരുടെ പ്രവാഹം തുടങ്ങി. അഞ്ചു
ലക്ഷത്തോളം പേർ അണി നിരക്കുമെന്നാണ് സ്വാഗത
സംഘത്തിന്റെ കണക്കു കൂട്ടൽ.
വൈകുന്നേരം നാലരമണിക്ക് സമസ്‌ത പ്രസിഡണ്ട്
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ
അധ്യക്ഷതയിൽ ഈജിപ്‌തിലെ റെക്ടർ അൽ
അസ്ഹർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സലാമ
ജുമുഅലി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്
മുഖ്യപ്രഭാഷണവും പ്രൊഫ. കെ ആലിക്കുട്ടി
മുസ്ലിയാർ ശതാബ്ദി സന്ദേശവും നടത്തും. മുഖ്യമന്ത്രി
പിണറായി വിജയൻ, കർണ്ണാടക ഉപമുഖ്യമന്ത്രി ഡി
കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് വി ഡി
സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ
കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സംബന്ധിക്കും.
കുണിയ കോളേജിനു മുന്നിലാണ് പൊതുസേമ്മളനം
ഇവിടെ കൂറ്റൻ വേദിയുടെ
നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ആൾക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് കനത്ത
സുരക്ഷാ സന്നാഹങ്ങളാണ് കുണിയ
ദേശീയപാതയിലും സമീപത്തും
ഏർപ്പെടുത്തിയിട്ടുള്ളത്. പൊയാച്ചിക്കും
പെരിയക്കും ഇടയിൽ ദേശീയ പാതയിൽ കൂടി
മാത്രമേ വാഹനങ്ങളെ കടത്തിവിടുകയുള്ളൂ.
ടാങ്കറുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളെ
തളിപ്പറമ്പിൽ നിന്നും കുമ്പളയിൽ നിന്നും മലയോര
ഹൈവേയിലേയ്ക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട്.
സമ്മേളനത്തിനു എത്തുന്ന വാഹനങ്ങൾക്കും
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവർത്തകരെ കുണിയയിൽ ഇറക്കിയ ശേഷം
വാഹനങ്ങൾ പാർക്കിംഗ് ഏരിയകളിലേയ്ക്ക്
പോകണം. മടക്കയാത്രയ്ക്കായി പ്രവർത്തകർ
പാർക്കിംഗ് സ്ഥലത്തെത്തി വാഹനങ്ങളിൽ
കയറണമെന്നു പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത്
റെഡ്ഡിയാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക്
നേതൃത്വം നൽകുന്നത്. സുരക്ഷയ്ക്കായി ജില്ലയിലെ വിവിധ
പൊലീസ് ഉദ്യോഗസ്ഥരെ കുണിയയിൽ
നിയോഗിച്ചിട്ടുണ്ട്..


