പിഴ ഈടാക്കാൻ മണിക്കൂറുകള്‍ മാത്രം; എഐ ക്യാമറകള്‍ ‘പണി തുടങ്ങുമ്പോൾ’ അറിയേണ്ടതെല്ലാം…
റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താന്‍ സജ്ജമാക്കിയ എഐ ക്യാമറ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും എന്നാണ് പറയപ്പെടുന്നത്. ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂർത്തിയാക്കി. റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളുമുണ്ട്. 18 ക്യാമറകൾ ചുവപ്പ് സിഗ്നൽ തെറ്റിക്കുന്നതു മാത്രം പിടികൂടാനാണ്. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗതവകുപ്പ് പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് കുറഞ്ഞു. ഇപ്പോൾ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. കഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു.
പിഴ എങ്ങനെ?
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.
കുട്ടികളെ ക്യാമറ തിരിച്ചറിയുമോ?
ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. എഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്ന് മന്ത്രി ആന്‍റണി രാജു അടുത്തിടെ വ്യക്തമാക്കി. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴ ഈടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്‍കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.
കുറയുമോ നിയമലംഘനങ്ങള്‍?
പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങൾ ആയിരുന്നു. നിലവിൽ ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങൾ. പിഴ ഈടാക്കി തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത് പ്രതീക്ഷിക്കുന്നത്.