പിണറായി വേണ്ട! : പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം,സിപിഎമ്മിൽ വിമർശനം

പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. പ്രായപരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ചില അംഗങ്ങൾ പറഞ്ഞു. ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല. തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ല.
ഒരിക്കൽ പ്രായപരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രിയാകാനാണ്. വീണ്ടും ഇളവുകൾ നൽകി പ്രതിപക്ഷ നേതാവാകുന്നത് ശരിയായ രീതിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പാർട്ടി പ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മന്ത്രിമാരുടെ പ്രവർത്തനം മോശമായിരുന്നു. അവരുടെ പ്രവർത്തനശൈലി ജനങ്ങളെ അകറ്റി. കാര്യമായ തിരുത്തലുകൾ വേണം. പാർട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ശ്രമിച്ചതെന്നും വിമർശനമുണ്ടായി.
സംസ്ഥാന കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെയെന്ന നിർദേശം കേരള നേതൃത്വം പൊളിറ്റ് ബ്യൂറോ യോഗത്തിൽ വച്ചിരുന്നു. പിബിയുടെ അംഗീകാരത്തോടെയാ ണ് ഇന്നലെ അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർദേശം അവതരിപ്പിച്ചത്. തലമുറമാറ്റം എന്ന നിലയ്ക്ക പുതിയൊരുയൊരു നേതാവിനെ നിയോഗിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിൽ ചിലർ ഉയർത്തിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.
പിബി അംഗം നിയമസഭയിൽ ഉള്ളപ്പോൾ കക്ഷി നേതാവായി മറ്റൊരാളെ തീരുമാ നിക്കുന്ന രീതി ഇല്ലെന്നും പിണറായി പ്രതിപക്ഷ നേതാവാകുന്നില്ലെങ്കിൽ എംഎൽഎ സ്ഥാനം ഒഴിയേണ്ടിവരുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. തന്റെ പേര് പരിഗണിക്കുന്നതിനെ പിണറായി എതിർത്തതുമില്ല.


