പ്രതിപക്ഷത്തെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ശ്രീലങ്കൻ പ്രസിഡന്റ്; പുതിയ മന്ത്രിസഭ അധികാരത്തിൽ
കൊളംബോ: ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവ ലഭ്യമാകാതെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് പോയതിനെ തുടർന്ന് ഉടലെടുത്ത പ്രക്ഷോഭം ശമിപ്പിക്കാൻ മുഴുവൻ കക്ഷികളെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ശ്രീലങ്കൻ പ്രസിഡന്റ്. പ്രതിപക്ഷവുമായി അധികാരം പങ്കിടാമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെ വാഗ്ദാനം ചെയ്തു.
കാബിനറ്റ് പദവികൾ സ്വീകരിക്കാനും ദേശീയ പ്രതിസന്ധിക്ക് പരിഹാരം തേടാനുള്ള ശ്രമത്തിൽ ചേരാനും പാർലമെന്റിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിക്കുന്നുവെന്ന് രാജപക്സെയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും പ്രസ്താവനയിലുണ്ട്.
അതിനിടെ, ശ്രീലങ്കയിൽ താൽക്കാലിക മന്ത്രിസഭ അധികാരമേറ്റു. പുതുതായി നാലു മന്ത്രിമാരാണ് അധികാരമേറ്റത്. പുതിയ മന്ത്രിമാരിൽ രജപക്‌സെ കുടുംബത്തിലെ ആരുമില്ല. മഹിന്ദ രജപക്‌സെയുടെ സഹോദരൻ ബേസിൽ രജപക്‌സെയ്ക്ക് നധവകുപ്പ് നഷ്ടമായി. കൂടുതൽ നഗരങ്ങളിലേക്ക് സർക്കാർ വിരുദ്ധ പ്രക്ഷോഭം വ്യാപിച്ചതോടെ ശ്രീലങ്ക കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.