റമസാൻ ഓർമ്മക്കുറിപ്പ്… അത്താഴക്കൊട്ടും, ടൈംപീസും, പിന്നെ വെടി പൊട്ടിയോ…? (റാഫി പള്ളിപ്പുറം)

0 0
Read Time:8 Minute, 42 Second

റമസാൻ ഓർമ്മക്കുറിപ്പ്…
അത്താഴക്കൊട്ടും, ടൈംപീസും, പിന്നെ വെടി പൊട്ടിയോ…?

ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിൽ ഒന്നാണ് പരിശുദ്ധ റമസാൻ മാസത്തിലെ വ്രതാനുഷ്ടാനം. വിശുദ്ധിയുടെ പരിമണം പരത്തി ഒരിക്കൽ കൂടി പരിശുദ്ധ റമസാൻ മാസം വിശ്വാസികൾക്ക് വിരുന്നെത്തി. റമസാൻ ആത്മ സംസ്കരണത്തിന്റെ മാസം. സര്‍വ ശക്തനായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ കൊണ്ട് ധാരാളം നന്മകള്‍ ചെയ്യാനുള്ള അവസരമാണ് റമസാൻ മാസം. വ്യക്തി ജീവിതത്തിലെ വിശുദ്ധിയും സാമൂഹിക ജീവിതത്തിലെ നന്മയും ഓരോ വിശ്വാസിയും കാത്തുസൂക്ഷിക്കുമ്പോഴാണ് റമസാന്‍ ആത്മീയ ധന്യമായിത്തീരുന്നത്. പുണ്യ റമസാന്‍ സമാഗതമാകുന്നതോടെ നാടും നഗരവും ഉണരുകയായി. നന്മ നിറഞ്ഞ അന്തരീക്ഷമാണ് റമസാനിലെ രാപ്പകലുകളിൽ എവിടെയും നാം കാണുന്നത്. ഷഹബാൻ മാസം പകുതിയോടെ തന്നെ വിശ്വാസികൾ റമസാൻ മാസത്തെ വരവേൽക്കാൻ പള്ളിയും, വീടും പരിസരവും ശുചീകരിച്ചും മറ്റും തയ്യാറെടുക്കുന്നു.

ഇന്ന് നാം ജീവിക്കുന്നത് ആധുനിക സാങ്കേതിക വിദ്യകൾ പ്രായഭേദമന്യേ പരമാവധി പ്രയോജനപ്പെടുത്തുന്ന ന്യൂ ജെൻ കാലഘട്ടത്തിലാണ്. നമ്മുടെ പൂർവികർ മുൻ കാലങ്ങളിൽ സമയം അറിയാനും അവ ക്രമപ്പെടുത്താനും ഉപയോഗിച്ചിരുന്ന മാർഗങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ ഈ കാലഘട്ടത്തിലെ കുട്ടികൾ തീർച്ചയായും അതിശയിക്കുക തന്നെ ചെയ്യും.
ഇന്നത്തെ തലമുറ സമയം അറിയാനും സമയം അറിയിച്ചുമുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇതൊന്നുമില്ലാതെ റമസാൻ മാസത്തിൽ അത്താഴം കഴിച്ചും നോമ്പ് മുറിച്ചും കടന്നു പോയ നമ്മുടെ പൂർവികർ. ചുമരിൽ പതിച്ച വലിയ ചുമർ ഘടികാരവും, മേശപ്പുറത്ത് വെച്ച് ഉച്ചത്തിൽ നില വിളിച്ചിരുന്ന ടൈം പീസും ഇന്ന് മൊബൈൽ ഫോണിന് വഴിമാറി.

അത്താഴത്തിന് ഉണരാൻ ടൈംപീസ്‌ വഴി മാറി മൊബൈൽ ഫോണിനെ ആശ്രയിക്കുന്നു. ഓരോ അഞ്ചു മിനിട്ടിലും തുടർച്ചയായി അടിക്കുമ്പോൾ അവസാനം നിമിഷം കൂടി കണക്കാക്കി നാമുണരുന്നു. മുൻ കാലങ്ങളിൽ രാത്രിയിൽ കൂടെ കൂടെ എണീറ്റ്‌ ചുമരിൽ സ്ഥാപിച്ചിരുന്ന വലിയ ഘടികാരത്തിൽ നോക്കി സമയം അറിയണം. ടൈം പീസ് പോലുമില്ലാതിരുന്ന കാലത്ത് അർദ്ധരാത്രി മൂന്നു മണിക്കൊക്കെ ”അത്താഴക്കൊട്ട്” കേട്ടാണ് നോമ്പ് നോറ്റിരുന്ന വിശ്വാസികൾ അത്താഴത്തിന് വേണ്ടി ഉണർന്നിരുന്നത്. അന്ന് അത്താഴക്കൊട്ട് എന്ന ഒരു പരിപാടി കൂടി ഉണ്ടായിരുന്നു. കർണാടകയുടെ ചില ഭാഗങ്ങളിൽ നിന്നും മറ്റുമൊക്കെ നോമ്പ് കാലത്ത് പച്ച നീണ്ട ഖമീസും തലപ്പാവയും ധരിച്ച് വലിയ സഞ്ചി തൂക്കി വന്നിരുന്ന മുസാഫിറുകൾ. നല്ല ഈണത്തിൽ സ്വലാത്തും, അറബി ബൈതുകളും ഉച്ചത്തിൽ നീട്ടി ചൊല്ലി കയ്യിലുള്ള വലിയ “ദഘല” (ദഫിനെക്കാളും വലിപ്പത്തിലുള്ള) അകമ്പടി മുട്ടി വീടുകളുടെ പരിസരത്ത് കൂടി അത്താഴ നേരത്ത് നടന്നു നീങ്ങും. അങ്ങനെ രാവിനെ ഉണർത്തിയ മുസാഫിറുകൾ. ശ്രവ്യ സുന്ദരമായ അറബി ബൈത്തും ദഘല മുട്ടുന്ന ശബ്ദവും കേട്ടാണ് അത്താഴത്തിനു വേണ്ടി ഉണർന്നിരുന്നത്. വലി പുണ്യ കർമ്മം ചെയ്ത ഇക്കൂട്ടർ പെരുന്നാളോട് കൂടി നാട്ടിൽ നിന്നും വിട പറയുന്നു.

പെരുന്നാൾ ദിനത്തിൽ വീട് വീടാന്തരം കയറി ഇറങ്ങുമ്പോൾ വീട്ടുകാർ നൽകുന്ന സദക അവർ സ്വീകരിക്കും. നീണ്ട പച്ച ഖമീസ് അണിഞ്ഞു വിരുന്നെത്തുന്ന അവർ ഷഹബാനിൽ നാട്ടിൻ പരിസരത്ത് കാണുമ്പോൾ റമസാൻറെ ആഗമനം വിശ്വാസികൾ തിരിച്ചറിയും. പിന്നെ റമസാനെ വരവേൽക്കാൻ ഓരോരോ തയ്യാറെടുപ്പുകൾ ആരംഭിക്കും. ആധുനിക സുകര്യങ്ങൾ ഉപയോഗിച്ചു പുതിയ ജീവിത ശൈലിയിലേക്ക് ജീവിത ക്രമങ്ങൾ മാറിയപ്പോൾ അത്താഴക്കൊട്ടുകാരുടെ വരവും നിലച്ചു. പഴയ കൊട്ടുകാരുടെ ഓർമ എന്നോണം പിൽകാലത്ത് ചില പ്രദേശങ്ങളിൽ അവിടത്തെ തന്നെ യുവാക്കൾ ദഫ് ടീമുകൾ ഉണ്ടാക്കി പാടിയും ദഫ് മുട്ടിയും അത്താഴ സമയം അറിയിച്ചു കൊണ്ട് റമസാൻ രാവുകളെ ഉണർത്തിയിരുന്നു. എന്നാലും അത്താഴക്കൊട്ടുകാർ തന്നെയാണ് മനസ്സിൽ തങ്ങിയ ഗ്രഹാതുരത്വത്തിന്റെ ഓർമ്മകൾ. പണ്ട് കാലത്ത് പാതി രാത്രി മൂന്നു മണിക്കൊക്കെ അത്താഴത്തിന് എണീക്കുന്നതിനു പകരം പിന്നീട് സുബഹി ബാങ്കോട് അടുപ്പിച്ചു അത്താഴ വിരാമ സമയം കണക്കാക്കി ഉണരുന്നത് പുതിയമാറ്റം.

ഇന്നത്തെ പോലെ പള്ളികൾ മുമ്പ് അടുത്തടുത്ത സ്ഥലങ്ങളിൽ ഇല്ലാതിരുന്നതും ലൗഡ് സ്പീക്കർ അത്ര സുലഭം അല്ലാതിരുന്ന കാലത്ത് ദൂര പ്രദേശത്തേക്ക് ബാങ്ക് വിളിക്കുന്ന ശബ്ദം കേൾക്കാറില്ലായിരുന്നു. അത്കൊണ്ട് നോമ്പ് നോറ്റവർ ഇഫ്താർ സമയം അറിയാൻ കൂടുതലും കാതോർത്തിരുന്നത് മാലിക് ദീനാർ പള്ളിയിൽ നിന്നും അത് പോലെ മറ്റു പ്രദേശങ്ങളിലെ പ്രധാന പള്ളി പരിസരത്ത് നിന്നുമൊക്കെയുള്ള ഉച്ചത്തിലുള്ള ‘കതിന വെടിയുടെ’ ശബ്ദമായിരുന്നു. അക്കാലത്ത് നോമ്പ് തുറ സമയം അറിയാനുള്ള ഏക മാർഗവും ആ കതിന പൊട്ടുന്ന ശബ്ദം മാത്രമായിരുന്നു. പിന്നീട് അടുത്ത പ്രദേശങ്ങളിൽ ഒക്കെ പുതിയ പുതിയ പള്ളികൾ ഒക്കെ നിർമിച്ചപ്പോൾ മഗ്രിബ് ബാങ്ക് എല്ലായിടത്തും കേൾക്കാം എന്നായി. എന്നാലും, പിന്നീട് കുറെ കാലം അതൊരു ആചാരം പോലെ കതിന പൊട്ടിക്കുന്ന പരിപാടി തുടർന്നിരുന്നു. അന്ന് നോമ്പ് തുറക്കാൻ സമയമായോ എന്ന് പഴമക്കാർ പരസ്പരം ചോദിച്ചിരുന്നത് ‘മഗ്രിബ് ബാങ്ക് കൊടുത്തോ’ എന്നല്ല മറിച്ച് “വെടി പൊട്ടിയോ…?” എന്നായിരുന്നു. അത് പോലെ കാസറഗോഡ് നഗരസഭയിൽ നിന്നും വലിയ ശബ്ദത്തിൽ നോമ്പ് തുറക്കാനുള്ള സമയം അറിയിച്ചു കൊണ്ട് ഉച്ചത്തിലുള്ള സൈറണ്‍ വിളിയും ഉണ്ടായിരുന്നു. പുതിയ സ്മാർട്ട് ഫോണിൽ അസാൻ സോഫ്റ്റ്‌വെയർ ഡൌണ്‍ ലോഡ് ചെയ്ത് ഓരോ പ്രദേശത്തെയും സമയം കണക്കാകിയുള്ള ബാങ്ക് വിളിക്ക് കാത്തിരിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ വെറും കേട്ട് കേൾവി മാത്രമായിരിക്കും. എല്ലാവർക്കും റമസാൻ മുബാറക്.

റാഫി പള്ളിപ്പുറം.

(2017 ൽ സിറാജ് ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!