ദുബായ് എക്സ്പോ 2020 : സന്ദർശകരിൽ ഇന്ത്യ ഒന്നാമത്, ആകെ 2കോടി 41 ലക്ഷത്തിലേറെ സന്ദർശകർ
ലോകത്തിന് മുൻപിൽ വിസ്മയം സൃഷ്ടിച്ച എക്സ്പോ2020 ഏറ്റവും കൂടുതൽ സന്ദർശിച്ചത് ഇന്ത്യക്കാർ. ഉദ്ഘാടന ദിവസമായ 2021 ഒക്ടോബർ 1നും സമാപനദിവസമായ 2022 മാർച്ച് 31നും ഇടയിൽ യുഎഇയിലെ താമസക്കാരും ഇന്ത്യയിൽ നിന്നും വന്നവരുമടക്കം വലിയൊരു ശതമാനം പേർ ആഗോള ഉത്സവത്തിനെത്തി. 182 ദിവസം നീണ്ട എക്സ്പോ2020 ൽ ലോകത്തിന്റെ വിധ ഭാഗങ്ങളിൽ നിന്നുള്ള ആകെ 24,102,967 സന്ദർശനങ്ങൾ ഉണ്ടായെന്ന് അധികൃതർ അറിയിച്ചു.ആകെ 176 രാജ്യക്കാരുടെ സന്ദർശനം
ഇന്ത്യ കഴിഞ്ഞാൽ ജർമനിക്കാരാണ് ഏറ്റവും കൂടുതൽ എക്സ്പോയിലെത്തിയത്. സൗദി അറേബ്യ മൂന്നും യുകെ നാലും സ്ഥാനത്തെത്തി. റഷ്യ, ഫ്രാൻസ്, അമേരിക്ക എന്നിവയ്ക്കാണ് അടുത്ത സ്ഥാനങ്ങൾ. ആകെ 176 രാജ്യങ്ങളിൽ നിന്നുള്ളവർ വേദി സന്ദർശിച്ചു. ഇതിൽ 49% പേർ ഒന്നിൽക്കൂടുതൽ പ്രാവശ്യം സന്ദർശിച്ചവരാണ്.
70% പേർ സീസൺ പാസും 22 % പേർ ഏകദിന ടിക്കറ്റും എടുത്താണ് പ്രവേശിച്ചത്. 8% പേർ മൾട്ടി ഡേ പാസ് ഉപയോഗിച്ചു.ഉൗർജം പകർന്നത് യുവതലമുറ; പ്രായം കൂടിയ വ്യക്തി 98 കാരൻ
യുവതലമുറയുടെ സജീവസാന്നിധ്യം എക്സ്പോ വേദിക്ക് ഉൗർജം പകർന്നു. 18 വയസ്സിന് താഴെയുള്ളവരാണ് സന്ദർശകരിൽ മിടുക്കർ (18%). 10 ലക്ഷത്തോളം കുട്ടികൾ സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി എക്സ്പോ സന്ദർശിച്ചു.
60 വയസ്സിനു മുകളിലുമുള്ളവർ 3% മാത്രമാണ് സന്ദർശിച്ചത്. ദൃഢനിശ്ചയക്കാരുടെ വിഭാഗത്തിൽ നിന്ന് 1,07,000 സന്ദർശകരുണ്ടായി. എക്സ്പോയിലെത്തിയ ഏറ്റവും പ്രായംകൂടിയ വ്യക്തി 98 വയസുള്ള ആളാണ്. 2,777 ലോകനേതാക്കളും എക്സ്പോയിലെത്തിയിരുന്നു. അതേസമയം, 200 ദശലക്ഷം പേർ വെർച്വലായി പരിപാടികൾ ആസ്വദിച്ചു.
30,000 വൊളന്റിയർമാർ; 10 ലക്ഷം മണിക്കൂർ സേവനം
135 രാജ്യക്കാരായ 30,000 വൊളന്റിയർമാർ 182 ദിവസം 10 ലക്ഷം മണിക്കൂർ സേവനം ചെയ്തു.
മൂന്നിലൊന്ന് സന്ദർശകരും കുറഞ്ഞത് ഒരു തീമാറ്റിക് പവലിയനിലേക്കെങ്കിലും പോയി. ആര്‍ട് ടെറ–സസ്റ്റെയിനിബിലിറ്റി പവലിയനിലെത്തിയ 95 % പേർ ജീവിതശൈലിയിൽ മാറ്റം വരുത്താനുള്ള പ്രചോദനമുൾക്കൊണ്ടു. അലിഫ്–മൊബിലിറ്റി പവലിയൻ (91%), മിഷൻ പോസിബിൾ (90%) സന്ദർശകരും പുത്തനുണർവുമായാണ് മടങ്ങിയത്. വിഷൻ പവലിയൻ, വനിതാ പവലിയൻ, ദ് ഗൂഡ് പ്ലേസ് എന്നിവിടങ്ങളും സന്ദർശകർക്ക് ആവേശം പകർന്നു.