പട്ടാപകൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസ്; ഒരു പ്രതി സന്ദീപ് പിടിയിൽ

മഞ്ചേശ്വരം.പട്ടാപകൽ സ്കൂട്ടറിൽ എത്തി യുവതിയുടെ കഴുത്തിൽ നിന്ന് രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. കുമ്പള ബംബ്രാണ സ്വദേശി എ. സന്ദീപ് (31) ആണ് മഞ്ചേശ്വരം പൊലിസിന്റെ പിടിയിലായത്.
കേസിൽ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
പൈവളിഗെ ബായിക്കട്ട സ്വദേശിനി കെ. നയനയാണ് കവർച്ചയ്ക്ക് ഇരയായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 3.10 ഓടെയായിരുന്നു സംഭവം. ഹൊസങ്കടി എസ്.ബി.ഐ ബാങ്കിന് സമീപത്തെ സർവീസ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന നയനയെ ലക്ഷ്യമിട്ടാണ് പ്രതികൾ കവർച്ച നടത്തിയത്.
ഹെൽമെറ്റും പ്ലാസ്റ്റിക് റെയിൻകോട്ടും ധരിച്ച് സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം യുവതിയുടെ സമീപത്ത് വാഹനം നിർത്തി, കഴുത്തിലുണ്ടായിരുന്ന രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണമാല ബലമായി പൊട്ടിച്ചെടുത്ത് അതിവേഗം രക്ഷപ്പെടുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ നയന പരിഭ്രാന്തയാവുകയും തുടർന്ന് സമീപവാസികളുടെയും പൊലിസിന്റെയും സഹായം തേടുകയും ചെയ്തു.
കവർച്ച നടത്തിയവരിൽ ഒരാൾ പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചിരുന്നുവെന്നും മറ്റൊരാൾ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു. മോഷണം പോയ സ്വർണ്ണമാലയ്ക്ക് 2.30 ലക്ഷം രൂപ വിലവരുമെന്ന് പൊലിസ് അറിയിച്ചു. കവർന്ന ആഭരണം കണ്ടെടുക്കാൻ ശ്രമം തുടരുകയാണ്.
സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
സന്ദീപിനെ പൊലിസ് പിടികൂടിയത്.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കവർച്ചയിൽ ഉപയോഗിച്ച വാഹനവും മോഷണം പോയ സ്വർണ്ണമാലയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലിസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന രണ്ടാമത്തെ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി


