തെരുവ് നായശല്യം രൂക്ഷം; മംഗൽപാടി പഞ്ചായത്ത് അധികൃതര്‍ നിസ്സംഗത വെടിയണം
ഉപ്പള: തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ നിസ്സംഗത വെടിയണമെന്ന് മളളങ്കൈ ഗുർമ നിവാസികൾ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ജീവനു ഭീഷണിയായി സ്വൈര വിഹാരം നടത്തുന്ന തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് തന്നെ അധികൃതര്‍ കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധത്തിനു നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിലും ഇതേ അവസ്ഥയാണ്.
ഗുർമ കോളനി ഭാഗത്ത് വർഷങ്ങളായി തുടരുന്ന തെരുവ് നായ ശല്യം പല പ്രാവശ്യമായി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും പ്രസിഡണ്ട് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ നടപടികളൊന്നും നാളിത് വരെ ഉണ്ടായിട്ടില്ല.
ഓരോ വീട്ടിലും ഒന്നിൽ കൂടുതൽ പട്ടിയും ഈ കോളനിയിലുണ്ട്. എല്ലായ്പോഴും ഇവയെ തുറന്ന് വിടുകയും സ്കൂൾ,മദ്രസയിൽ പോകുന്ന കുട്ടികൾക്ക് ഭീഷണിയാവുകയും ചെയ്യുന്നു. നിരവധി കുട്ടികളെയും,മുതിർന്നവരെയും പട്ടി കടിക്കുകയും, പട്ടി ഓടിച്ച് വീണ് സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മനുഷ്യരെ മാത്രമല്ല കോഴികളയേയും മറ്റു വളര്‍ത്തു മൃഗങ്ങളും നായ്ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തുടനീളം നിരവധി വിദ്യാര്‍ഥികള്‍ക്കും, മൃഗങ്ങള്‍ക്കുമാണ് തെരുവ് നായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് നിത്യസംഭവമായിരിക്കയാണ്.കഴിഞ്ഞ ദിവസം ക്ണ്ണൂരിൽ ഒരു കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നതും ദുഖകരമായ ഒരു സംഭവമായിരുന്നു. അധികൃതര്‍ എത്രയും പെട്ടെന്ന് ഇതിനെതിരെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.