മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു
1960കളിലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന സലീം ദുറാനി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഞായറാഴ്ച രാവിലെ ജാംനഗറിലെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്.
88 വയസ്സായിരുന്നു.
ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അര്‍ജുന അവാര്‍ഡ് നേടിയ വ്യക്തിയാണ് സലിം ദുറാനി. 1934 ഡിസംബര്‍ 11ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇടംകൈയ്യന്‍ ബൗളറായിരുന്ന അദ്ദേഹം 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1961-1962 ലെ ചരിത്രപരമായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബരയില്‍ ഇംഗ്ലണ്ടിനെ 2-0ന് തോല്‍പ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത് ദുറാനി ആയിരുന്നു.
ഇന്ത്യക്കായി കളിച്ച 50 ഇന്നിംഗ്‌സുകളില്‍ നിന്ന് ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറികളും താരം നേടിയിരുന്നു.
പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സിനെയും ക്ലൈവ് ലോയിഡിനെയും പുറത്താക്കിയതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
1973-ല്‍ നടന്‍ പ്രവീണ്‍ ബാബിക്കൊപ്പം ‘ചരിത്ര’ എന്ന സിനിമയില്‍ അഭിനയിച്ച് ക്രിക്കറ്റ് താരം ബോളിവുഡിലും ചുവടുറപ്പിച്ചു. ഈ വര്‍ഷം ജനുവരിയില്‍ വീണ് തുടയെല്ല് ഒടിഞ്ഞതിനെത്തുടര്‍ന്ന് ദുറാനി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.