തീവണ്ടിയിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം;മൂന്നുപേർ ട്രാക്കിൽ മരിച്ച നിലയിൽ

0 0
Read Time:4 Minute, 9 Second

തീവണ്ടിയിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം;മൂന്നുപേർ ട്രാക്കിൽ മരിച്ച നിലയിൽ

എലത്തൂർ (കോഴിക്കോട്): ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി. സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർക്ക് പൊള്ളലേറ്റു. ഇതിനിടെ രക്ഷപെടാൻ തീവണ്ടിയിൽ നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി.

യുവതിയേയും കുഞ്ഞിനേയും ഒരു മധ്യവയസ്കനേയുമാണ് ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകൾ രണ്ടരവയസ്സുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌റിയ മൻസിലിൽ റഹ്മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിൽ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോൾ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടർന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിർത്തിയത്. പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.

തീവണ്ടിയിൽ നിന്ന് പൊള്ളലേറ്റ് കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അസ്മ മൻസിലിൽ റാസിഖിനൊപ്പം സഞ്ചരിച്ചവരെ സംഭവത്തിന് ശേഷം കാണാതായിരുന്നു. ഇതിൽ, പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബോഗിക്ക് ഉള്ളിൽ വച്ച് പൊള്ളലേറ്റ ഒമ്പത് പേരിൽ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂർ സ്വദേശികളായ വക്കീൽ ഗുമസ്തൻ കതിരൂർ നായനാർ റോഡ് പൊയ്യിൽ വീട്ടിൽ അനിൽ കുമാർ (50), മകൻ അദ്വൈദ് (21) എന്നിവരാണവർ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനിൽ കുമാറിന്റെ ഭാര്യ സജിഷ (47), കണ്ണൂർ പട്ടുവം നീലിമ വീട്ടിൽ റൂബി (52), തൃശ്ശൂർ മണ്ണൂത്തി മാനാട്ടിൽ വീട്ടിൽ പ്രിൻസ് (35), ഭാര്യ അശ്വതി (26), തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവരാണ്‌ ചികിത്സയിൽ.

അടുത്ത ബോഗിയിൽ നിന്നെത്തിയ ആൾ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് പ്ളാസ്റ്റിക്ക് കുപ്പികളിൽ പെട്രോൾ കൊണ്ടുവന്ന് യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് ദൃക്‌സാക്ഷിമൊഴി. പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റിൽ ഇരിക്കുന്നവരായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!