ഇന്ധന നികുതി ഭാരം ഭയന്ന് അതിര്‍ത്തിയിലേക്ക് ഓടി വാഹനങ്ങള്‍ ; നേട്ടം കൊയ്‌ത് തലപ്പാടിയും മാഹിയും
ഇന്ധനങ്ങളില്‍ സംസ്ഥാനം ചുമത്തിയ നികുതി ഭാരത്തെ തുടര്‍ന്ന് അതിര്‍ത്തികളിലെ പമ്ബുകളിലേക്കോടി വാഹനങ്ങള്‍, തലപ്പാടിയിലും മാഹിയിലും വാഹനങ്ങളുടെ നീണ്ട നിര, പെട്രോള്‍ കടത്തും വ്യാപകം
അതിര്‍ത്തിയിലെ പെട്രോള്‍ പമ്ബുകളില്‍ തിരക്കേറുന്നു
കാസര്‍കോട് : കേരളത്തിന്‍റെ നികുതി ഭാരത്തില്‍ കോളടിച്ച് അതിര്‍ത്തികളിലെ പെട്രോള്‍ പമ്ബുകള്‍. സംസ്ഥാനത്തെ പെട്രോള്‍ പമ്ബുകളില്‍ ഇന്ധനം’ ഫുള്‍ ടാങ്ക്’ ആണെങ്കില്‍ കേരള-കര്‍ണാടക അതിര്‍ത്തികളിലെ പമ്ബുകളില്‍ വാഹനങ്ങള്‍ നിറഞ്ഞ് ഇന്ധനം വേഗത്തില്‍ കാലിയാവുകയാണ്.
കേരളത്തില്‍ ഇന്ധനത്തിന് രണ്ടുരൂപ കൂടിയതോടെ തലപ്പാടിയിലെ പെട്രോള്‍ പമ്ബില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ ഉച്ചയാകുമ്ബോഴേക്കും ഇന്ധനം തീര്‍ന്നിരുന്നു.
ഇന്ധനത്തിനായി അതിര്‍ത്തി കടന്ന് : കേരളത്തെ അപേക്ഷിച്ച് കര്‍ണാടകത്തില്‍ പെട്രോളിന് എട്ട് രൂപയും ഡീസലിന് 10 രൂപയും വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ തലപ്പാടി, ഗാളിമുഖ പെട്രോള്‍ പമ്ബുകളില്‍ രാവിലെ മുതല്‍ തന്നെ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും മലയാളികളുമായിരുന്നു. വാഹനങ്ങളില്‍ ഇന്ധനം ഫുള്‍ ടാങ്ക് നിറച്ചാണ് എല്ലാവരും തന്നെ മടങ്ങിയതും. മാത്രമല്ല കന്നാസുകളിലും പെട്രോള്‍ – ഡീസല്‍ കടത്ത് വ്യാപകമായി നടക്കുന്നുണ്ട്.നേരത്തെ കേരളത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപയുടെയും ഡീസലിന് എട്ട് രൂപയുടെയും വിലക്കുറവാണ് കര്‍ണാടകയിലുണ്ടായിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തിയതോടെയാണ് ഇതില്‍ വലിയ വ്യത്യാസം വന്നത്. മാത്രമല്ല കാസര്‍കോട്ടുകാരില്‍ പലരും ജില്ലയിലെ പെട്രോള്‍ പമ്ബുകളെ കൈയൊഴിഞ്ഞ അവസ്ഥയാണിപ്പോള്‍. മഞ്ചേശ്വരത്തെ പെട്രോള്‍ പമ്ബില്‍ നേരത്തെ 10 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നതെങ്കില്‍ നിലവില്‍ ഒന്നര ലക്ഷം തികയ്‌ക്കാന്‍ പാടുപെടുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.
വാഹനങ്ങള്‍ക്ക് ‘സ്‌റ്റോപ്പില്ലാതെ കേരളം’ : കാസര്‍കോട് നിന്നുള്ള ഭൂരിഭാഗം ബസുകളും ഇതുവഴിയുള്ള ചരക്ക് ലോറികളും തലപ്പാടിയില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന പെട്രോള്‍ പമ്ബുകള്‍ തലപ്പാടിയിലായിരിക്കുകയാണ്. കര്‍ണാടകയെ കൂടാതെ ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താന്‍ പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയിലെ പെട്രോള്‍ പമ്ബുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പെട്രോള്‍ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയില്‍ കുറവാണ്. മാഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വര്‍ധിച്ചിട്ടുണ്ട്.അതായത് കാറിന്‍റെ ഫുള്‍ ടാങ്ക് കപ്പാസിറ്റി 35 ലിറ്റര്‍ ആണെങ്കില്‍ ഒരു തവണ മാഹിയില്‍ നിന്ന് പെട്രോള്‍ നിറച്ചാല്‍ 504 രൂപ ലാഭം. 125 ലിറ്റര്‍ ടാങ്കുള്ള ചരക്ക് വാഹനമെങ്കില്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചാല്‍ 1675 രൂപ ലാഭിക്കാം. അതുകൊണ്ടുതന്നെ മാഹിയിലെ പമ്ബുകളിലെല്ലാം വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചെറിയ അളവില്‍ ഇന്ധനം നിറച്ചാല്‍ പോലും പണം ലാഭിക്കാമെന്നതിനാല്‍ തന്നെ മാഹി വഴി കടന്നുപോകുന്നവരെല്ലാം ഇന്ധനം നിറയ്ക്കാനുള്ള തിരക്കിലാണ്. 17 പെട്രോള്‍ പമ്ബുകളാണ് നിലവില്‍ മാഹിയിലിലുളളത്. ഇവിടെ എല്ലാം തന്നെ പ്രതിദിനം വന്‍ കച്ചവടവുമാണ് നടക്കുന്നത്.
ശ്രദ്ധ പിടിക്കാന്‍ ബോര്‍ഡുകളും: അതിര്‍ത്തി കടക്കുന്ന യാത്രികരുടെ ശ്രദ്ധ കവരാനായി കേരളത്തേക്കാള്‍ പെട്രോളിന് വില കുറവാണെന്ന് ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡുകള്‍ പമ്ബ് ജീവനക്കാര്‍ പ്രദര്‍ശിപ്പിച്ചത് മുമ്ബ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്തെ ഇന്ധന വില വര്‍ധനയില്‍ പൊറുതി മുട്ടി വാഹന ഉടമകളെല്ലാം ഇത്തരത്തില്‍ കര്‍ണാടകയെ ആശ്രയിച്ചാല്‍, സംസ്ഥാനത്തെ വരുമാനത്തിന്‍റെ പ്രധാന സ്രോതസുകളിലൊന്നായി കരുതപ്പെടുന്ന ഇന്ധന മേഖലയില്‍ ചെറിയ തോതിലാണെങ്കിലും അത് പ്രതിഫലിച്ചേക്കാം.