പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാമോഡലിൽ കവർച്ച നടത്തി അജ്ഞാതൻ (വീഡിയോ കാണാം)
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്‍റെ കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ അജ്ഞാതൻ കവർച്ച നടത്തിയത്. അമ്പതിനായിരം രൂപ കവർന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തിൽ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ ലഭ്യമായിട്ടില്ല. സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തുകയാണ്. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് അമർത്തുക
https://youtu.be/H_tqqotCFwU
കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യത്തിൽ കാണാം. ഒടുവിൽ ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം ഇയാൾ പമ്പിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.