വെല്ലിംഗ്ടണ്: തന്റെ മകളുടെ പിതാവിനെ വിവാഹം ചെയ്യാന് പോകുകയാണെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. തങ്ങള്ക്ക് ചില പദ്ധതികളുണ്ട്. അതിന്റെ വഴിയിലാണ്- വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ജസീന്ത പ്രതികരിച്ചു.
ന്യൂ പ്ലിമൗത്തില് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂസിലന്ഡ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചച്ചത്. വിവാഹം നടത്തുന്നത് സംബന്ധിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ആലോചിക്കേണ്ടതുണ്ടെന്നും -ജസീന്ത പറഞ്ഞു. വിവാഹം ഉടന് ഉണ്ടാകുമെന്ന് പ്രതികരിച്ചെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.നാല്പതുകാരിയായ ജസീന്ത ടെലിവിഷന് അവതാരകനും നാല്പ്പത്തിനാലുകാരനുമായ ക്ലാര്ക് ഗേഫോഡുമായി ഒന്നിച്ചു ജീവിച്ചുവരികയാണ്. ഇരുവര്ക്കും രണ്ട് വയസായ മകളുണ്ട്. എന്നാല് വിവാഹം ഇതുവരെ ഔദ്യോഗികമായി നടത്തിയിട്ടില്ല.
പ്രധാനമന്ത്രിയായിരിക്കെയാണ് ജസീന്ത പെണ്കുഞ്ഞിനു ജന്മം നല്കിയത്. അധികാരത്തിലിരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ്. ആദ്യത്തേത് മുന് പാക് പ്രധാനമന്ത്രി ബേനസീര് ഭൂട്ടോയാണ്. ജസീന്ത ന്യൂസിലന്ഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില് ലേബര് പാര്ട്ടിയെ വന് വിജയത്തിലേക്ക് നയിച്ച ജസീന്ത വീണ്ടും ന്യൂസിലന്ഡിന്റെ പ്രധാനമന്ത്രിയാകുകയും ചെയ്തു.


