കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കേണ്‍ഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ലയിലെ വിജയം പ്രതീക്ഷകളില്‍ വലിയ ആശങ്കയാണ് യുഡിഎഫിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ഈറ്റില്ലമായ കോട്ടയം ജില്ലയില്‍ മുന്നണി മാറ്റം പല മണ്ഡലങ്ങളിലേയും ഫലം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ചില മണ്ഡലങ്ങളിലാവട്ടെ കോണ്‍ഗ്രസിനേക്കാള്‍ മുന്‍ തൂക്കം കേരള കോണ്‍ഗ്രസിനുണ്ട്. വിഭജനത്തോടെ ഏത് ശക്തരായത് എന്നത് മനസ്സിലാക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ കുറച്ചും നിയമസഭാ തിരഞ്ഞെടുപ്പോടെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയും.
ജോസിന്‍റെ വരവ്
ജോസിന്‍റെ വരവ് കോട്ടയം ജില്ലയില്‍ മുന്നണിക്ക് ശക്തി പകരുമെന്നാണ് ഇടതുമുന്നണി കരുതുന്നത്.
നിലവില്‍ കോട്ടയത്ത് മുന്നണിക്ക് നഷ്ടങ്ങള്‍ ഒന്നുമില്ല. ജോസ് വന്നത് അധിക നേട്ടമാണ്. എന്നാല്‍ പാലാ സീറ്റില്‍ ഉടക്കി എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടുമോയെന്ന ആശങ്ക എല്‍ഡിഎഫിനുള്ളിലുണ്ട്. ഇതിന് തടയാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫ് ഇതിനോടകം തുടങ്ങിയിട്ടുണ്ട്.
മറുപക്ഷത്ത്
മറുപക്ഷത്ത് ജോസ് സൃഷ്ടിച്ച കുറവ് നികത്താനുള്ള കഠിന പരിശ്രമത്തിലാണ് യുഡിഎഫും. സംസ്ഥാന തലത്തില്‍ ജോസിന്‍റെ മുന്നണി മാറ്റം ഒഴിവാക്കേണ്ടതായിരുന്നു എന്ന വികാരം ശക്തമാണെങ്കിലും കോട്ടയത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജോസ് പോയതില്‍ സന്തോഷമുണ്ട്. മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുന്നു എന്നതാണ് അവര്‍ അനുകൂലമായി കാണുന്നത്
പിജെ ജോസഫിന്‍റെ ആവശ്യം
യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ വിട്ടു തരണമെന്നാണ് പിജെ ജോസഫിന്‍റെ ആവശ്യമെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സീറ്റ് ധാരണ ചര്‍ച്ചകള്‍ നടത്താനാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. കോട്ടയെ ധാരണകള്‍ മറ്റ് ജില്ലകളിലെ ധാരണകളിലും നിര്‍ണ്ണായകമാവും.
ഉമ്മന്‍ചാണ്ടി
ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉമ്മന്‍ചാണ്ടി വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതോടെയാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും കോട്ടയത്ത് നടത്താനിരുന്ന യുഡിഎഫ് നേതൃയോഗവും ചര്‍ച്ചകളും മാറ്റിയത്. ബുധനാഴ്ചയായിരുന്നു പിജെ ജോസഫും ഉമ്മന്‍ചാണ്ടിയും തമ്മില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനിരുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തില്‍
ആകെ 22 സീറ്റുകള്‍ ഉള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റുകളിലാണ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും മത്സരിച്ചത്. അതേ മാതൃകയില്‍ ഇത്തവണയും സീറ്റ് വിഭജനം വേണമെന്നാണ് പിജെ ജോസഫിന്‍റെ ആവശ്യം. എന്നാല്‍ അന്ന് കേരള കോണ്‍ഗ്രസ് എന്നത് ഒറ്റ പാര്‍ട്ടിയായിരുന്നു. അന്ന് പാര്‍ട്ടിയിലെ ധാരണ 4:1 എന്നതായിരുന്നു.
മാണി ഗ്രൂപ്പിന്
അതായത് മാണി ഗ്രൂപ്പിന് നാല് അവസരം നല്‍കുമ്ബോള്‍ അടുത്തത് ജോസഫ് വിഭാഗത്തിന് ലഭിക്കും. കോട്ടയത്ത് മാണി ഗ്രൂപ്പിന് പ്രാധാന്യമുള്ളതിനാല്‍ അവര്‍ക്കാണ് ധാരണകള്‍ക്കപ്പുറം കൂടുതല്‍ സീറ്റ് നല്‍കിയത്. ലയനത്തോടെ വലിയ പാര്‍ട്ടിയായി എന്ന് അവകാശപ്പെട്ടെ മാണിയും ജോസഫും ചേര്‍ന്ന് യുഡിഎഫില്‍ നിന്നും കൂടുതല്‍സീറ്റുകള്‍ ചോദിച്ച് വാങ്ങുകയായിരുന്നു.
ഇക്കുറിയും 11 സീറ്റെന്ന വാദം
മറ്റൊരു കക്ഷിക്കും ഒരു സീറ്റ് പോലും നല്‍കാത്തതില്‍ മുസ്‌ലിം ലീഗിനും മറ്റും അമര്‍ഷവുമുണ്ടായിരുന്നു. ജോസ് കെ മാണി പോയതോടെ ഇക്കുറിയും 11 സീറ്റെന്ന വാദം കോണ്‍ഗ്രസ് ഒരു കാരണവശാലും അംഗീകരിക്കില്ല. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ഇത്തവണയും മത്സരിക്കുമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലപാടില്‍ അയവ് വേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നത്.
പരമാവധി ആറ് സീറ്റുകള്‍
പരമാവധി ആറ് സീറ്റുകള്‍ മാത്രമായിരിക്കും അവര്‍ക്ക് നല്‍കുക. പിസി ജോര്‍ജിന്‍റെ ജനപക്ഷം മുന്നണിയുടെ ഭാഗമായാല്‍ ഒരു സീറ്റ് അവര്‍ക്ക് നല്‍കും. ജോര്‍ജ്ജ് വന്നില്ലെങ്കില്‍ പൂഞ്ഞാര്‍ മേഖലയിലെ സീറ്റ് മുസ്ലിം ലീഗിന് നല്‍കാനും സാധ്യതയുണ്ട്. ശേഷിക്കുന്ന 4 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് മത്സരിക്കും. അങ്ങനെ ആകെ 15 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അധികം സീറ്റുകള്‍
അധികം സീറ്റുകള്‍ ലഭിക്കുന്നതോടെ ഇതേവരെ മത്സരിക്കാത്ത നേതാക്കള്‍ക്ക് ജില്ലാ പഞ്ചായത്തിലും മറ്റും അവസരം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വര്‍ക്ക് അവസരം നല്‍കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഐക്യത്തെ സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ജോസിന്‍റെ മുന്നണി മാറ്റത്തിന് തന്നെ ഇടംവെച്ച കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്നാണ് യുഡിഎഫ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിയമസഭാ സീറ്റ്
നിയമസഭാ സീറ്റ് വീതം വെപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിച്ചു വരികയാണ്. യുഡിഎഫില്‍ കഴിഞ്ഞ തവണ 15 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ തന്നെ ജോസഫ് പക്ഷത്ത് ലഭിച്ചതാവട്ടെ 5 സീറ്റും. കഴിഞ്ഞ തവണത്തേതില്‍ നിന്നും പരമാവധി 3 സീറ്റുകള്‍ കൂടി കൂടുതല്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.