മഹാരാഷ്ട്രയിലെ ശിവസേന നേതാവ് രാഹുൽ ഷെട്ടി (43) തന്റെ പ്രവർത്തന മേഖലയായ ലോനവാലയിൽ വെടിയേറ്റ് മരിച്ചു. മംഗളൂറു സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ 9.30തോടെയാണ് അക്രമികൾ ഷെട്ടിക്ക് നേരെ അദ്ദേഹത്തിന്റെ പാർപ്പിടത്തിനടുത്ത കടയിൽ ചായ കുടിക്കുന്നതിനിടെ നിറയൊഴിച്ചത്. ഉടൻ പാർമർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിയുണ്ടകളാണ് ജീവനെടുത്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തറച്ചുകയറിയിരുന്നു. രണ്ടെണ്ണം തലയിലും ഒരെണ്ണം നെഞ്ചിലും. തനിക്ക് വധഭീഷണിയുള്ളതായി ഷെട്ടി ലോനവാല സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 35 വർഷം മുമ്പ് പിതാവ് ഉമേശ് ഷെട്ടിയും വെടിയേറ്റാണ് മരിച്ചത്.
സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഒരാളെ സംശയിച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ലോനാവാല ഹനുമാൻമല മേഖലയിൽ ഗണേശ് നായിഡു എന്നയാൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. എന്നാൽ ജനങ്ങൾ ഭീതിയിലാണ്.