മുന്‍കൂര്‍ അനുമതി വാങ്ങാതെ ബയോ-ബബിളില്‍ നിന്ന് പുറത്തുപോയാല്‍ ആ താരം ആറ് ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണം. ഒരു മത്സരത്തില്‍ വിലക്കാണ് ശിക്ഷ. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. ഈ താരത്തിന് പകരക്കാരനെ അനുവദിക്കുകയുമില്ല
ദുബൈ: ഐപിഎല്ലില്‍ കൊവിഡ് പെരുമാറ്റചട്ടം(ബയോ-ബബിള്‍) ലംഘിച്ചാല്‍ താരങ്ങളെയും ടീമുകളെയും കാത്തിരിക്കുന്നത് കനത്ത ശിക്ഷ. മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ടീമുകള്‍ക്ക് ഒരു കോടി രൂപ പിഴ ഈടാക്കുകയും രണ്ട് പോയിന്‍റ് വരെ അസാധുവാക്കുമെന്നും എട്ട് ഫ്രാഞ്ചൈസികളെയും ബിസിസിഐ അറിയിച്ചു. ചട്ടലംഘനം ആവര്‍ത്തിക്കുന്ന താരങ്ങള്‍ ടൂര്‍ണമെന്‍റിന് പുറത്താകുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
മുന്‍കൂര്‍ അനുമതി വാങ്ങാതെ ബയോ-ബബിളില്‍ നിന്ന് പുറത്തുപോയാല്‍ ആ താരം ആറ് ദിവസത്തെ ക്വാറന്‍റീന്‍ പാലിക്കണം. ഒരു മത്സരത്തില്‍ വിലക്കാണ് ശിക്ഷ. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. ഈ താരത്തിന് പകരക്കാരനെ അനുവദിക്കുകയുമില്ല. ദിവസേനയുള്ള ആരോഗ്യപരിശോധന ലംഘിക്കുകയോ ജിപിഎസ് ട്രാക്കര്‍ ധരിക്കാതിരിക്കുകയോ കൊവിഡ് 19 പരിശോധനയില്‍ നിന്ന് മുങ്ങുകയോ ചെയ്യുന്ന താരങ്ങള്‍ക്ക് 60,000 ഇന്ത്യന്‍ രൂപയാണ് പിഴ. താരങ്ങള്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങള്‍ക്കും ടീം ഒഫീഷ്യല്‍സിനും ഇത് ബാധകമായിരിക്കും.
യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ അഞ്ച് ദിവസം കൂടുമ്പോള്‍ കൊവിഡ് ടെസ്റ്റ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ-ബബിള്‍ ലംഘിക്കുന്നില്ല ഉറപ്പുവരുത്തേണ്ടത് ടീം ഒഫീഷ്യല്‍സിന്‍റെ ചുമതലയാണ്. താരങ്ങളോ സപ്പോര്‍ട്ട് സ്റ്റാഫുമായോ പുറത്തുനിന്ന് ആരെയെങ്കിലും ഇടപഴകാന്‍ അനുവദിച്ചാല്‍ ടീമിന് ആദ്യതവണ ഒരുകോടി ഇന്ത്യന്‍ രൂപയാണ് പിഴ. തെറ്റ് ആവര്‍ത്തിച്ചാല്‍ ടീമിന്‍റെ ഒരു പോയിന്‍റ് ഇല്ലാതാകും. മൂന്നാം ലംഘനത്തിന് രണ്ട് പോയിന്‍റും(ഒരു ജയത്തിന് സമാനം) നഷ്‌ടമാകും.
ടീമുകള്‍ക്ക് പ്ലേയിംഗ് ഇലവനെ ഇറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ മത്സരം ബിസിസിഐ പുനക്രമീകരിക്കാന്‍ ശ്രമിക്കും. അതിന് കഴിയാതെ വന്നാല്‍ ഏത് ടീമിനാണോ വീഴ്‌ച വന്നത് അവരെ തോറ്റതായി കണക്കാക്കും. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ആരോഗ്യ-സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ടീമുകള്‍ക്കെതിരെ ബിസിസിഐ അന്വേഷണമുണ്ടാകും.