ന്യൂഡൽഹി :ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിപറഞ്ഞു.
ഈ വര്‍ഷം ഹജ്ജിനായി ലഭിച്ചത് 2,13,000 അപേക്ഷകളാണ്. അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കും. തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കു മടക്കിനല്‍കാനുള്ള പ്രക്രിയ ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച പ്രസ്താവന സൗദി അറേബ്യ പുറപ്പെടുവിച്ചത്. നിലവില്‍ സൗദിയില്‍ കഴിയുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരമുള്ളത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വവും പൊതുജനാരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനം. സുരക്ഷാമുന്‍കരുതലുകളും സാമൂഹ്യ അകലവും പാലിച്ചാകും ഇത്തവണ ഹജ്ജ് തീര്‍ത്ഥാടന കര്‍മ്മങ്ങള്‍.
സഹയാത്രികന്‍ (മെഹ്‌റം) ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷിച്ച 2300 സ്ത്രീകള്‍ക്ക് ഇക്കൊല്ലത്തെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2021ല്‍ ഹജ്ജിനു പോകാന്‍ അവസരം നല്‍കുന്നെും മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലെഹ് ബിന്‍ താഹര്‍ ബെന്റന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം (ഹിജറ വര്‍ഷം 1441) ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരെ ഹജ്ജിന് അയയ്ക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചതായി ശ്രീ. നഖ്‌വി പറഞ്ഞു. ലോകമെമ്പാടും കൊറോണ വെല്ലുവിളി നേരിടുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.