ചെർക്കള ടൗണിനെ വരിഞ്ഞു മുറുക്കി ദേശീയപാത നിർമ്മാണം: ടൗണിൽ ഒന്നര മീറ്റർ താഴ്ത്തി സർവ്വീസ് റോഡ്; പണി തടയുമെന്ന് അധികൃതരോട് നാട്ടുകാർ
ചെർക്കള: ചെർക്കള ടൗണിൽ ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി ഒന്നര മീറ്റർ താഴ്ചയിൽ സർവ്വീസ് റോഡ് പണി ചെയ്ത് ചെർക്കള ടൗണിനെ വരിഞ്ഞു മുറുക്കി നാടിൻ്റെ വികസനവും ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യവും ഇല്ലാതാക്കുന്ന പ്രവർത്തി തടയുമെന്ന് നാട്ടുകാർ അധികൃതരോട് അറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ സീനിയർ നേതൃത്വം നേരിട്ട് വന്ന് ചർച്ച നടത്തി. പി.ആർ.ഒ. യെ വിവരം ധരിപ്പിക്കുമെന്ന് മേഘ കമ്പനി അധികൃതർ പറഞ്ഞു.
ഈ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യും ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് പരമാവധി ശ്രമങ്ങൾ നടത്തുമെന്ന് ഇരുവരും അറിയിച്ചു.
നാളെ സൂചന സമരം സംഘടിപ്പിക്കുമെന്നും പ്രശ്നത്തിന് പരിഹാരം ഉണ്ടാവുന്നത് വരെ അനിശ്ചിതകാല സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.
സി.എച്ച്. മുഹമ്മദ് കുഞ്ഞി ബടക്കേക്കര, ഹാരിസ് സി.കെ.കെ., ഷുക്കൂർ സി.എച്ച്., ഷാഫി ഇറാനി തുടങ്ങിയവർ അധികൃതരുമായി ചർച്ച നടത്തി.