നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സ്കൂളുകള്‍; കുരുന്നുകളുടെ തോളില്‍ ഇരട്ടി ഭാരം; ബാഗ് അമിത ഭാരത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍!

സംസ്ഥാനത്ത് സ്കൂള്‍ ബാഗുകളുടെ ഭാരം നിശ്ചയിക്കുന്ന കൃത്യമായ മാർഗ നിർദേശമുണ്ടെങ്കിലും വിദ്യാർഥികള്‍ ചുമക്കുന്നത് അമിതഭാരമാണ്.
ഒരു കുട്ടിയുടെ ശരീരഭാരത്തിൻ്റെ 10 ശതമാനം മാത്രമായി ബാഗുകളുടെ തൂക്കം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരട്ടിയിധികം ചുമക്കുന്ന വിദ്യാർഥികളുണ്ട്. അമിതഭാരം തോളില്‍ എടുക്കുന്നത് കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കാണമാകുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
2020 ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കായി സ്കൂള്‍ ബാഗുകളുടെ തൂക്കത്തിന് നയം തയ്യാറാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയും സമാന നിർദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരു വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനം മാത്രമേ ബാഗിന് ഭാരം ഉണ്ടാകാൻ പാടുകയുള്ളൂ. പതിനഞ്ച് ശതമാനത്തില്‍ കൂടിയാല്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. പ്രീ പ്രൈമറിയില്‍ സ്കൂള്‍ ബാഗ് പോലും പാടില്ല.
ബാഗിൻ്റെ ഭാരം കുറയ്ക്കാനും നയത്തില്‍ നിർദേശങ്ങള്‍ പലതുണ്ട്. വലിപ്പം കൂടുതലുള്ള ബാഗുകള്‍ ഉപേക്ഷിക്കണം, ടെക്സ്റ്റ് ബുക്കുകള്‍ പങ്കുവെക്കണം, ഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍ ഉപയോഗിക്കണം, ഹോം വർക്കുകള്‍ക്ക് പകരം വർക്ക് ഷീറ്റുകള്‍ നല്‍കണം, ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് സ്കൂളില്‍ സൗകര്യമൊരുക്കണം, ഭക്ഷണ പാത്രം നല്‍കുന്നതിലും ഭാരശ്രദ്ധ വേണം, പഠനോപകരണങ്ങള്‍ക്ക് പുറമെ മറ്റൊന്നും ബാഗില്‍ പാടില്ല, എന്നിങ്ങനെ നീളുന്നു നിർദേശങ്ങള്‍. ഓരോ സ്കൂളിലും എല്ലാ മാസവും ബാഗിന്റെ ഭാരം അളക്കണമെന്നും ഇതിനായി ക്ലാസുകളില്‍ വെയിറ്റ് രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. പക്ഷേ പ്രാവർത്തികമായിട്ടില്ല. അമിതഭാരം ചുമക്കുന്നത് കുട്ടികളില്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ ഇടയാകുന്നു.


