കുടിവെള്ള കണക്ഷൻ നൽകി ജല അതോറിറ്റി വഞ്ചിക്കുന്നു ; മംഗൽപാടി ജനകീയവേദി സമരത്തിനൊരുങ്ങുന്നു
ഉപ്പള: മംഗൽപാടി പഞ്ചായത്തിൽ കുടിവെള്ള കണക്ഷൻ എടുത്ത ഉപഭോക്താക്കളെ ജല അതോറിറ്റി വഞ്ചിക്കുന്നതായി വ്യാപകമായ പരാതി.
വലിയ വാഗ്ദാനങ്ങൾ നൽകി നാടുനീളെ വീടുവീടാന്തരം കണക്ഷൻ നൽകിയ ‘ജലജീവന്‍’ പദ്ധതിയിലാണ് ജനങ്ങൾ വഞ്ചിതരായത്. പുതിയ പദ്ധതിയാണെന്നും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും കരുതിയ കുടിവെള്ള പൈപ്പ് കാഴ്ചവസ്തുവായി മാറിയിരിക്കുന്നു. ഈ പഞ്ചായത്തിൽ ഏകദേശം 5000ത്തോളം കണക്ഷനുകളാണ് നൽകിക്കൊണ്ടിരിക്കുന്നത്.
മുൻപ് ജല അതോറിറ്റിയുടെ അധീനതയിൽ ഉണ്ടായിരുന്ന കൊടങ്കയിലെ സ്രോതസ്സിൽ വെള്ളമില്ലെന്ന് അധികാരികൾക്ക് ബോദ്ധ്യ മുണ്ടായിട്ടും ഇത് മറച്ചു വെച്ചാണ് ജല അതോറിറ്റി ജനങ്ങളെ പറ്റിച്ചത്.
ജലജീവൻ പദ്ധതി വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ നിലവിലത്തെ പദ്ധതിയിൽ 1300 ഓളം വരുന്ന ഉപഭോക്താക്കൾ കുടിവെള്ളം ലഭിക്കാത്തതിന്റെ പേരിൽ കണക്ഷൻ വിച്ചേദിച്ചതാണ്. ഇതറിഞ്ഞിട്ടും ഇതിൽ നിന്നു തന്നെയാണ് 5000 ത്തോളം വരുന്ന ജലജീവൻ മിഷൻ കണക്ഷൻ നൽകാൻ അധികാരികൾ അനുമതി നൽകിയത്. ഇതേ തുടർന്ന് കോളനി നിവാസികൾ ഉൾപ്പെടെയുള്ള ജന വിഭാഗം കുടിവെള്ളം കിട്ടാതെ വലയുകയാണ്.
കണക്ഷൻ എടുത്തതിന്റെ പേരിൽ ജല അതോറിറ്റിക്ക് പണം അടയ്ക്കേണ്ടി വരികയും സ്വകാര്യ വ്യക്തികൾക്ക് പണം നൽകി കുടിവെള്ളം വാങ്ങേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതു കാരണം പാവപ്പെട്ട ജനങ്ങൾക്ക് ഇരട്ട ബാദ്ധ്യതയാണ് വന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഉപഭോക്താക്കളും സംഘടനകളും നിരന്തരമായി നൽകിയ പരാതികളും നിവേദനങ്ങളും അധികാരികൾ അവഗണിക്കുകയാണ്.മംഗൽപാടി ജനകീയ വേദി നേതാക്കൾ ആഴ്ചകൾക്കു മുമ്പ് ജല അതോറിറ്റി അധികാരികളെ നിവേദനവുമായി നേരിട്ട് കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തിയെങ്കിലും അധികാരികൾ തിരിഞ്ഞുനോക്കിയില്ല.അധികാരികളുടെ ധിക്കാര സമീപനത്തിനും ഉപഭോക്തൃ വഞ്ചനയ്ക്കുമെതിരെ പ്രക്ഷോഭ സമരവും നിയമ നടപടിസസ്വീകരിക്കണമെന്നുമാണ് ജനകീയ വേദിയുടെ ആവശ്യം.കൂടാതെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരവും കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അഡ്വ കരീം പൂന, സത്യൻ സി ഉപ്പള, അബു തമാം, അബു റോയൽ, സിദ്ദിഖ് കൈകമ്പ, അഷാഫ് മൂസ, സൈനുദ്ദീൻ അട്ക്ക തുടങ്ങിയവർ സംബന്ധിച്ചു.