ഉപ്പള ഗേറ്റ് അടിപ്പാത;ആക്ഷൻ കമ്മിറ്റി ധർണ നാളെ
കുമ്പള: നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയ പാതയിൽ ഉപ്പള ഗേറ്റിന് സമീപം അടിപ്പാത നിർമ്മിക്കാൻ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഉപ്പള ഗേറ്റ് അണ്ടർ പാസേജ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ധർന്ന സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മംഗൽപാടി പഞ്ചായത്തിലെ1, 2, 3, 23 വാർഡുകളിലെ അയ്യായിരത്തോളം വരുന്ന കുടുംബങ്ങളുടെ ആവശ്യമാണ് ഉപ്പള ഗെയ്റ്റിനടുത്ത് അടിപ്പാത നിർമ്മിക്കണമെന്നത്. ഈ ആവശ്യവുമായി നാട്ടുകാർ എം.പി, എം.എൽ.എ, ദേശീയപാതയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ ഒന്നിലധികം തവണ സമീപിച്ചിരുന്നു. എന്നാൽ പാത വികസനം ധ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും അടിപ്പാതയെപ്പറ്റിയും സർവീസ് റോഡുകളെപ്പറ്റിയും അധികൃതർക്ക് മൗനമാണെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
നിരവധി ആരാധനാലയങ്ങളും സ്കൂളുകളും ഉൾപ്പെടുന്ന തീരദേശം ദേശീയ പാത വരുന്നതോടെ ഒറ്റപ്പെടുമെന്ന ഭീഷണിയിലാണ് ഇവർ. കോടികൾ ചെലവാക്കി സർക്കാർ നിർമ്മിച്ച മഞ്ചേശ്വരത്തിന്റെ അഭിമാന പദ്ധതിയായ ഹാർബർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അടിപ്പാത നിർമ്മിക്കാത്ത പക്ഷം ഹാർബർ അപ്രസക്തമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇവിടെ റെയിൽവെ അണ്ടർ പാസേജ് അനുവദിച്ചിട്ടുണ്ടെന്നും ദേശീയ പാതയ്ക്ക് അണ്ടർ പാസേജ് അനുവദിച്ചില്ലെങ്കിൽ ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച ഏകദിന സമരപരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നും നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്മാൻ, കൺവീനർ ഷാജി ഭഗവതി, ട്രഷറർ അബ്ദുൽ ലത്തീഫ് അറബി, എസ്.എം. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ബൂൺ, അയ്യൂബ് മുഹമ്മദ്, അഷ്റഫ് മണ്ണാട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.