മുന്‍ പാക് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു
ലാഹോർ: ഐസിസി അമ്പയർമാരുടെ എലൈറ്റ് പാനൽ അംഗവും മുൻ പാകിസ്താൻ അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റൗഫിന്റെ സഹോദരൻ താഹിറാണ് മരണ വിവരം അറിയിച്ചത്.
ലാഹോറിലെ ലാൻഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും താഹിർ ദുനിയ ന്യൂസിനോട് പറഞ്ഞു.
അലീം ദാറിനൊപ്പം പാകിസ്താനിൽ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ്. 2006-ൽ ഐസിസിയുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ട അദ്ദേഹം 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20-കളും നിയന്ത്രിച്ചിട്ടുണ്ട്. ഏഴു വർഷത്തോളം എലൈറ്റ് പാനലിലുണ്ടായിരുന്ന അദ്ദേഹം 2013-ലാണ് പുറത്താക്കപ്പെടുന്നത്.
1998-ൽ അമ്പയറിങ് കരിയർ ആരംഭിച്ച അദ്ദേഹം 2000-ലാണ് ആദ്യ അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കുന്നത്. പാകിസ്താനും ശ്രീലങ്കയും തമ്മിൽ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. നാല് വർഷത്തിന് ശേഷം 2004-ൽ റൗഫ് ആദ്യമായി അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ ഇടംനേടി.
ഇതിനിടെ 2013-ലെ ഐപിഎൽ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേട്ടതോടെ റൗഫിന്റെ കരിയർ പ്രതിസന്ധിയിലായി.
പ്രശസ്തനായ അമ്പയർ എന്നതിലുപരി പാകിസ്താനിലെ അറിയപ്പെടുന്ന ഫസ്റ്റ് ക്ലാസ് കളിക്കാരൻ കൂടിയായിരുന്നു റൗഫ്. 71 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 3423 റൺസും 40 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 611 റൺസും നേടിയിട്ടുണ്ട്. കരിയറിൽ മൂന്ന് സെഞ്ചുറികളും 26 അർധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്.
കരിയറിൽ ലാഹോർ, നാഷണൽ ബാങ്ക് ഓഫ് പാകിസ്താൻ, പാകിസ്താൻ റെയിൽവേ എന്നീ ടീമുകൾക്കായി കളിച്ചു.