ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
ആത്മാർപ്പണത്തിന്റെ ത്യാഗസ്മരണ പുതുക്കി വീണ്ടും ബലിപെരുന്നാൾ. പള്ളികളിൽ നിന്നുയരുന്ന തക്ബീറിന്റെ മന്ത്രധ്വനികൾ അന്തരീക്ഷത്തെ പുളകിതമാക്കുന്നു. വിശ്വാസി ലോകം അത് ഏറ്റുചൊല്ലുന്നു. പുതുവസ്ത്രങ്ങൾ അണിഞ്ഞും സ്നേഹം പങ്കിട്ടും മുസ്ലിം ലോകം ബലിപെരുന്നാളിനെ സ്വീകരിക്കുകയാണ്.
പരീക്ഷണങ്ങളുടെ പേമാരി തീർത്ത കഷ്ടതകളിൽ നിന്നും കരകയറാനുള്ള പ്രാർത്ഥനകളുമായി വിശ്വാസിലക്ഷങ്ങൾ ഇന്ന് പള്ളികളിൽ ഒത്തുകൂടും. തൗഹീദിന്റെ വഴിയിൽ ത്യാഗസമ്പന്നനായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും സ്മരണകളിൽ പ്രധാന കർമ്മമായ ഉള്ഹിയ്യത്തിൽ വിശ്വാസികൾ പങ്കുചേരും.
ഈദ് ദിനത്തിൽ വിശ്വാസികൾ പ്രത്യേക പ്രാർത്ഥന നടത്തുകയും സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്യുന്നത് പതിവാണ്.
കഴിഞ്ഞതവണ കോവിഡ് നിയന്ത്രണങ്ങളോടെയാണ് ബലിപെരുന്നാൾ ആഘോഷിച്ചതെങ്കിൽ ഇത്തവണ ആശ്വാസമുണ്ട്. അറബ് ലോകത്ത് ഇന്നലെയായിരുന്നു ബലി പെരുന്നാൾ.