സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇനി മലയാളത്തിൽ
സംസ്ഥാനത്തിനകത്തെ ആവശ്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും മലയാളത്തില്‍ മാത്രം അച്ചടിച്ചാല്‍ മതിയെന്ന് ധാരണയായി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയാകും ഇത്. നിലവില്‍ രണ്ട് ഭാഷയില്‍ ഉണ്ടായിരുന്നതാണ് മലയാളത്തില്‍ മാത്രമാക്കുക. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാക്കും. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക ഭാഷാ സംസ്ഥാനതല സമിതി യോഗത്തിന്‍റേതാണ് തീരുമാനം. ക്ലര്‍ക്ക്-അസിസ്റ്റന്‍റ് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രബേഷന്‍ പൂര്‍ത്തിയാക്കും മുമ്പ് മലയാളം ടൈപ്പിങ് പരീക്ഷ കൂടി വിജയിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. സര്‍വിസിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തിനകം ഇതില്‍ പരിശീലനം നല്‍കും.
ഇക്കാര്യത്തില്‍ നടപടിക്ക് ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പിനെ ചുമതലപ്പെടുത്തി. മലയാളത്തിെന്‍റ മഹാനിഘണ്ടുവായ ശബ്ദതാരാവലി ഓണ്‍ലൈനില്‍ ലഭ്യമാക്കും. സിഡിറ്റ് തുടങ്ങിവെച്ച ഇതിെന്‍റ ജോലി മലയാള സര്‍വകലാശാല, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപനങ്ങളുടെ സഹായത്തോടെയാകും പൂര്‍ത്തിയാക്കുക. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പ്രാഥമികമായി മലയാളത്തില്‍ തയാറാക്കണമെന്നും ഇംഗ്ലീഷ് പേജിലെ വിവരം തെരഞ്ഞെടുക്കാന്‍ സൗകര്യം ഒരുക്കണമെന്നും ഡീഫോള്‍ട്ട് പേജ് മലയാളത്തിലാകണമെന്നും നിര്‍ദേശിച്ചിരുന്നുവെങ്കിലും പൂര്‍ത്തിയായില്ല. ഇത് സജ്ജമാക്കാന്‍ അടിയന്തര നടപടിക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ഔദ്യോഗിക ഭാഷാ വകുപ്പും വകുപ്പ് മേധാവികളും കലക്ടര്‍മാരും സെക്രട്ടേറിയറ്റ് വകുപ്പുകളും സര്‍വകലാശാലകളും ഇക്കാര്യത്തില്‍ തുടര്‍നടപടി എടുക്കാനും നിര്‍ദേശമുണ്ട്. യൂനികോഡ് ഫോണ്ടുകള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കാനും തീരുമാനിച്ചു. കുട്ടികളില്‍ മലയാള ഭാഷയില്‍ താല്‍പര്യം വളര്‍ത്താന്‍ സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. ശരിയായ ലിപി വിന്യാസം പരിചയിപ്പിക്കുന്നതിന് പരിശീലന പരിപാടി നടത്തും. ഔദ്യോഗിക ഭാഷാ വകുപ്പിെന്‍റ ഓണ്‍ലൈന്‍ നിഘണ്ടു പരിഷ്കരിക്കും. ഇ-ഓഫിസില്‍ ക്വിക് നോട്ടിങ് വിഭാഗത്തില്‍ മലയാളവും ഉള്‍പ്പെടുത്താനും ധാരണയായി. മലയാളത്തില്‍ തയാറാക്കുന്ന കത്തുകളിലും കുറിപ്പുകളിലും അക്ഷരത്തെറ്റും മറ്റും ഉണ്ടാകാതിരിക്കാന്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.