തൃക്കാക്കര വിധിയെഴുതുന്നു പോളിംഗ് ആരംഭിച്ചു
തൃക്കാക്കര വിധിയെഴുതുന്നു; പോളിങ് ബൂത്തുകളില്‍ നീണ്ടനിര
239 ബൂത്തുകളിലും പോളിങ് തുടങ്ങി
കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തില്‍. 239 ബൂത്തുകളിലും പോളിങ് തുടങ്ങി. ഇതുവരെ 12 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. വോട്ടെടുപ്പ് കൃത്യം 7 മണിക്കാണ് ആരംഭിച്ചത്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര തന്നെയുണ്ട്. 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.
വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറായി ഒരാളാണുള്ളത്. 239 ബൂത്തുകളില്‍ ഒരു പ്രശ്നബാധിത ബൂത്തും ഇല്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ഇന്‍ഫന്‍റ് ജീസസ് എല്‍പി സ്കൂളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. പുതിയ യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് തുടങ്ങിയത്.
എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എന്‍.ഡി.എയും നിലകൊള്ളുകയാണ്. തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ വിജയിച്ച് എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന് ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അട്ടിമറി വിജയം നേടുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനും പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.