അബുദാബി: ഐപിഎല്‍ ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം. മത്സരത്തില്‍ ആറ് വിക്കറ്റ് വിജയവുമായി ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോള്‍ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നിരാശയോടെ മടക്കം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുടെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ന്യായീകരിക്കുന്ന പ്രകടനവുമായി ബൗളര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ ബാംഗ്ലൂര്‍ നിശ്ചിത ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സില്‍ ഒതുങ്ങി. 56 റണ്‍സുമായി പതിവ് പോലെ ഡിവില്ലിയേഴ്സ് തിളങ്ങിയപ്പോള്‍ ആരോണ്‍ ഫിഞ്ച് 32 റണ്‍സ് നേടി.
നായകന്‍ വിരാട് കോഹ്ലി അടക്കം മറ്റ് ബാറ്റ്സ്മാന്മാര്‍ എല്ലാവരും പരാജയപ്പെട്ടു. ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. നടരാജന്‍ രണ്ടും നദീം ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ നോക്കൗട്ടിന്റെ സമ്മര്‍ദ്ദം ഹൈദരാബാദിനെയും വരിഞ്ഞു മുറുക്കി. എന്നാല്‍ കെയ്ന്‍ വില്ല്യംസണിന്റെ പരിചയ സമ്ബത്ത് ഹൈദരാബദിനെ വിജയത്തിലെത്തിച്ചു. വില്ല്യംസണ്‍ 44 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടി. ബാറ്റിംഗിലും തിളങ്ങിയ ഹോള്‍ഡര്‍ 20 പന്തില്‍ 24 റണ്‍സുമായി അവസാന ഓവറിലെ അഞ്ചാം പന്തില്‍ വിജയ റണ്‍ കുറിച്ചു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ടും ആദം സാമ്ബയും ചാഹലും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തി മുംബൈ ഫൈനലിന് യോഗ്യത നേടിയിരുന്നു. ഡല്‍ഹി- ഹൈദരാബാദ് നോക്കൗട്ട് മത്സരത്തിലെ വിജയിയെ മുംബൈ ഫൈനലില്‍ നേരിടും.