ദുബായ്: ഐപിഎല്‍ ആദ്യ ക്വാളിഫൈയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെയും രണ്ടു വിക്കറ്റ് നേടിയ ട്രെന്റ് ബോള്‍ട്ടിന്റെയും തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഡല്‍ഹി ബാറ്റിംഗ് നിര തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി.
രണ്ടാം പന്തില്‍ ഓപ്പണര്‍ പൃഥ്വി ഷായെ(0) മടക്കിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ രഹാനെയെയും(0) മടക്കി ഡല്‍ഹിയെ പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറില്‍ ധവാനെ പൂജ്യനായി ബുംറ മടക്കി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും(12) നിലയുറപ്പിക്കാനാകാതെ ഋഷഭ് പന്തും(3) മടങ്ങിയതോടെ ഡല്‍ഹി അഞ്ചിന് 41 റണ്‍സെന്ന നിലയിലെത്തി.
45 പന്തില്‍ മൂന്നു സിക്സും ആറു ഫോറും സഹിതം 65 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗാണ് ഡല്‍ഹി സ്കോര്‍ നൂറു കടത്തിയത്. അക്സര്‍ പട്ടേല്‍ 33 പന്തില്‍ മൂന്നു സിക്സും രണ്ടു ഫോറും സഹിതം 42 റണ്‍സെടുത്ത് പിന്തുണ നല്കി. എന്നാല്‍ ഡല്‍ഹിയെ വിജയത്തിലെത്തിക്കാന്‍ മതിയാകുമായിരുന്നില്ല. കഗിസോ റബാഡ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 30 പന്തില്‍ പുറത്താകാതെ മൂന്നു സിക്സും നാലു ഫോറും സഹിതം 55 റണ്‍സെടുത്ത ഇഷാന് കിഷനാണ് ടോപ് സ്കോറര്‍.
ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ സ്കോര്‍ 50 കടത്തി. എന്നാല്‍ സ്കോര്‍ 78-ല്‍ നില്‍ക്കെ 25 പന്തുകളില്‍ നിന്നും 40 റണ്‍സെടുത്ത ഡികോക്കിനെ പുറത്താക്കി വീണ്ടും അശ്വിന് മുംബൈയ്ക്ക് പ്രഹരമേല്‍പ്പിച്ചു
11.5 ഓവറില്‍ സൂര്യകുമാര്‍ യാദവും(38 പന്തില്‍ 51) പുറത്തായി. പിന്നീട് ഇഷാന് കിഷനും അവസാന ഓവറില്‍ ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈ സ്കോര്‍ ഇരുനൂറില്‍ എത്തിച്ചത്. ഹര്‍ദിക് പാണ്ഡ്യ 14 പന്തില്‍ അഞ്ച് സിക്സുകള്‍ സഹിതം 37 റണ്‍സെടുത്തു. പൊള്ളാര്‍ഡ് റണ്‍സെന്നും എടുക്കാതെ മടങ്ങി. കൃണാല്‍ പാണ്ഡ്യ 10 പന്തില്‍ 13 റണ്‍സെടുത്തു.
ഡല്‍ഹിക്ക് വേണ്ടി അശ്വിന് മൂന്നു വിക്കറ്റ് വീഴ്ത്തി. നോര്‍ക്കെ, സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.