മുംബൈ: മുംബൈയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഷോപ്പിംഗ് മാളില്‍ തീപിടത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മാളിലെ തീ അണക്കാനുള്ള പ്രവര്‍ത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തെത്തുടര്‍ന്ന് 300 ഓളം പേരെ ബേസ്മെന്റില്‍ നിന്നും മൂന്ന് നിലയുള്ള മാളില്‍ നിന്നും ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മാളിനോട് ചേര്‍ന്നുളള 55 നില കെട്ടിടത്തിലെ താമസക്കാരെ അവരുടെ സുരക്ഷയെ കരുതിയാണ് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 24 ഫയര്‍ ട്രക്കുകളാണ് തീ അണയ്‌ക്കാനായി എത്തിയിട്ടുളളത്. മുംബൈ ചീഫ് ഫയര്‍ ഓഫീസര്‍ ശശികാന്ത് കേലെ ഉള്‍പ്പടെ 250ഓളം അഗ്നിശമന സേനാംഗങ്ങള്‍ തീ കെടുത്താനായി പ്രവര്‍ത്തിക്കുകയാണ്.