കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പട്ടാള ഉദ്യോഗസ്ഥര്‍ അനധികൃതമായി വീടുകളില്‍ കയറി പരിശോധന നടത്തിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷം .കണ്ണൂര്‍ ഡി.എസ്.സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആയിക്കര, കിലാശി, അഞ്ചുകണ്ടിക്കുന്ന്, താവക്കര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.
വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ നോട്ടീസയച്ച് നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു . ഒരു തരത്തിലുള്ള അറിയിപ്പും നല്‍കാതെയായിരുന്നു പരിശോധനയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു . വീടുകളുടെ ഫോട്ടോകളും പട്ടാളക്കാര്‍ ശേഖരിക്കുകയുണ്ടായി.സംഭവത്തില്‍ കളക്ടര്‍ക്കും കോര്‍പറേഷന്‍ അധികൃതര്‍ക്കും പ്രദേശവാസികള്‍ പരാതി കൊടുത്തിരിക്കുകയാണ് . പ്രധാന മന്ത്രിക്കും കേന്ദ്ര പ്രതിരോധ മന്ത്രിക്കുമുള്‍പ്പെടെ കത്തയക്കുമെന്നും ഇവര്‍ അറിയിക്കുന്നു.