ദുബായ്:
അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും സര്‍വേ റിപ്പോര്‍ട്ട്.
ദുബായിലെ എഎസ്ഡിഎ’എ ബിസിഡബ്ല്യു കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സി നടത്തിയ അറബ് യൂത്ത് സര്‍വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍.
സുരക്ഷിതത്വം, സര്‍ക്കാര്‍ തലത്തിലെ അഴിമതി, വിദ്യാഭ്യാസ അവസരങ്ങള്‍, എന്നിവ ഇവരുടെ ആഗ്രഹത്തിനു പിന്നിലെ പ്രധാന കാരണമാണെന്ന് സര്‍വേയില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി അറബ് യുവത്വത്തിന്റെ രാജ്യം വിടാനുള്ള ആഗ്രഹം കൂട്ടിയതായും സര്‍വേയില്‍ പറയുന്നു.
സര്‍വേ പ്രകാരം പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ലെബനനനാണ്. രാജ്യത്തെ 77 ശതമാനം ചെറുപ്പക്കാരും രാജ്യം വിടുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നാണ് സര്‍വേ പറയുന്നത്.പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അറബ് രാജ്യം ലിബിയയാണ്.
യെമന്‍, ഇറാഖ്, സിറിയ, എന്നീ രാജ്യങ്ങളാണ് പിന്നില്‍.
സര്‍വേ ഫലം പുറത്തു വന്നതോടെ റിപ്പോര്‍ട്ടില്‍ ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുഃഖം രേഖപ്പെടുത്തി. അറബ് യുവത്വത്തിന് അവരുടെ മണ്ണില്‍ സുരക്ഷിതത്വവും ജീവനോപാദിയും ലഭിക്കാത്തത് വേദനാജനകമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘നമ്മുടെ അറബ് സമ്ബത്തിന്റെ പകുതിയും കുടിയേറാന്‍ ആഗ്രഹിക്കുന്നത് വേദനാജനകമാണ്. അറബ് യുവാക്കള്‍ക്ക് ജന്‍മനാടും സുരക്ഷയും ഉപജീവനവും സ്വന്തം നാട്ടില്‍ കണ്ടെത്താനാവാത്തത് വേദനാജനകമാണ്,’- ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.
അതേസമയം ചില ഗള്‍ഫ് രാജ്യങ്ങളിലെ യുവാക്കള്‍ രാജ്യം വിടാന്‍ കാര്യമായി താല്‍പ്പര്യപ്പെടുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സര്‍വേയില്‍ 46 ശതമാനം യുവാക്കള്‍ തങ്ങള്‍ ജീവിക്കാനാഗ്രഹിക്കുന്ന രാജ്യമായി തെരഞ്ഞെടുത്തത് യു.എ.ഇയാണ്. എല്ലാവര്‍ക്കും യു.എ.ഇയിലേക്ക് സ്വാഗതമെന്നാണ് ദുബായ് ഭരണാധികാരി ഇതിനോട് പ്രതികരിച്ചത്. തൊട്ടു പിന്നിലുള്ള രാജ്യം യു.എസ് ആണ് (33 %), കാനഡ (27%), യു.കെ (27%), ജര്‍മ്മനി ( 22%) എന്നിവയാണ് പിന്നാലെയുള്ള രാജ്യങ്ങള്‍.