ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. കൊവിഡ് ഉള്‍പ്പെടെ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഈ മാസം പത്തിനാണ് മുഖര്‍ജിയെ മസ്തിഷ്‌ക ശസ്ത്രക്രിയക്കായി ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോല്‍ മുതല്‍ വെന്റിലേറ്റര്‍ പിന്തുണയോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. താന്‍ കൊവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം തന്നെയാണ് രാജ്യത്തെ അറിയിച്ചിരുന്നത്.
സ്വാതന്ത്ര്യസമരസേനാനിയും എ ഐ സി സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായി 1935 ഡിസംബര്‍ 11ന് ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തില്‍ ജനിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പ്രണബിന് പ്രായം പന്ത്രണ്ട്. ബംഗാളില്‍ കുലിന്‍ ബ്രാഹ്മണ സമുദായാംഗമായ പ്രണബിന്റെ പഠനവിഷയം രാഷ്ട്ര മീമാംസമായിരുന്നു. ചരിത്രത്തിലും പൊളിറ്റിക്‌സിലും ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദം കൂടി നേടിയ പ്രണാബ് തപാല്‍ വകുപ്പില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചതാണ്. പിന്നീട് വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രമീമാംസയില്‍ അസിസ്റ്റന്റ് പ്രൊഫസറും ദഷന്‍ ദാക് മാസികയിലൂടെ മാധ്യമ പ്രവര്‍ത്തകനുമായി.