ദില്ലി: പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായകപ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധമേഖലയില്‍ വേണ്ട വന്‍ആയുധങ്ങളുള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും. നാല് ലക്ഷം കോടിയുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന വിശാലപദ്ധതിയിലെ നിര്‍ണായക ചുവടുവയ്പാകും ഇതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
സ്വയംപര്യാപ്ത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍, 101 പ്രതിരോധവസ്തുക്കള്‍ക്കാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തുന്നത്.
അവ ഏതൊക്കെ എന്നതില്‍ വിശദമായ പട്ടിക കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും. സായുധ പോരാട്ട വാഹനങ്ങള്‍, റഡാറുകള്‍, അത്യാധുനിക തോക്കുകള്‍ തുടങ്ങിയവ രാജ്യത്ത് തന്നെ നിര്‍മിക്കാനാണ് ലക്ഷ്യം. 101 വസ്തുക്കളുടെ പട്ടികയില്‍ ചുരുക്കം ചിലവയൊഴിച്ച് മറ്റുള്ളവയുടെ എല്ലാം ഇറക്കുമതി അനിശ്ചിതകാലത്തേക്ക് നിരോധിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം അറിയിക്കുന്നത്.
ഇതിലൂടെ, സുപ്രധാനപ്രതിരോധവസ്തുക്കളും ആയുധങ്ങളും വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം രാജ്യത്ത് തന്നെ നിര്‍മിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് കൈവന്നിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കുന്നു. സായുധസേനകളുടെ ആവശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.
ഇതിനായി, സായുധസേനാതലവന്‍മാരുമായും, പൊതു, സ്വകാര്യകമ്ബനികളുമായും ചര്‍ച്ച നടത്തി. രാജ്യത്ത് എത്രത്തോളം ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തി. ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ കൂടി ഉപയോഗിച്ച് ഇത്തരം വസ്തുക്കള്‍ നിര്‍മിക്കാം, അതല്ലെങ്കില്‍ സ്വയം നിര്‍മാണസാങ്കേതികവിദ്യ വികസിപ്പിക്കാം – പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ 2015 മുതല്‍ ഓഗസ്റ്റ് 2020 വരെ, ഏതാണ്ട് 260 പദ്ധതികളിലൂടെ മൂന്നരലക്ഷം കോടി രൂപയുടെ പ്രതിരോധസാമഗ്രികളാണ് മൂന്ന് സേനകളും ചേര്‍ന്ന് വാങ്ങിയത്. അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കകം, ഇന്ത്യന്‍ സേനകള്‍ക്ക് ഏതാണ്ട് നാല് ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപ കരസേനയ്ക്ക് മാത്രം വേണ്ടി വരും. ഒരു ലക്ഷത്തി നാല്‍പതിനായിരം കോടി രൂപ നാവികസേനയ്ക്ക് വേണ്ടി വരും. ഈ പണം രാജ്യത്തെ സമ്ബദ് വ്യവസ്ഥയില്‍ തന്നെ പ്രതിഫലിപ്പിക്കുക എന്നതാണ് ലക്ഷ്യം.
രാഹുല്‍ ഗാന്ധിയടക്കം ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫ്രാന്‍സുമായുള്ള റഫാല്‍ ഇടപാടുള്‍പ്പടെ ചൂണ്ടിക്കാട്ടി അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്ന് മോദിയ്ക്കെതിരെ രാഹുല്‍ ഉയര്‍ത്തിയ ആരോപണം എന്‍ഡിഎയെ വലിയ പ്രതിരോധത്തിലുമാക്കി.
2012-ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് ഫ്രാന്‍സില്‍ നിന്ന് ഇരട്ട – എഞ്ചിന്‍ പോര്‍വിമാനമായ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. 126 അത്യാധുനിക റഫാല്‍ പോര്‍വിമാനങ്ങള്‍ സേനകള്‍ക്കായി നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. ഇതില്‍ 18 വിമാനങ്ങള്‍ ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ നിര്‍മിച്ച് നല്‍കും. പിന്നീട് ഇതിന്‍റെ നിര്‍മാണ സാങ്കേതിക വിദ്യ പൊതുമേഖലാ സ്ഥാപനമായ ബംഗലൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന് കൈമാറും. ഇവര്‍ 108 വിമാനങ്ങള്‍ നിര്‍മിക്കും. ഇതായിരുന്നു തീരുമാനം. എന്നാല്‍ എ കെ ആന്‍റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ഇത് നടപ്പായില്ല.
പിന്നീട് എന്‍ഡിഎ വന്നപ്പോള്‍ ഈ കരാര്‍ മാറ്റിയെഴുതി. 58,000 കോടി രൂപയുടെ (7.8 ബില്ല്യണ്‍ യൂറോ) 36 വിമാനങ്ങള്‍ ദസോ ഏവീയേഷനില്‍ നിന്ന് വാങ്ങുക എന്നതായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച കരാര്‍. കരാറിന്‍റെ പങ്കാളിത്തം എച്ച്‌എഎല്ലിനെ ഒഴിവാക്കി റിലയന്‍സ് ഡിഫന്‍സിന് നല്‍കി.
മികച്ച എഞ്ചിനീയര്‍മാരുള്ള ഹിന്ദുസ്ഥാന്‍ എയറോട്ടിക്സ് ലിമിറ്റഡിനെ തഴഞ്ഞ് ഈ കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് നല്‍കിയതില്‍ വലിയ വിവാദമുയര്‍ന്നു. ഒരു വിമാനം പോലും നിര്‍മിച്ച് പരിചയമില്ലാത്ത പുതിയ കമ്ബനിയെ സുപ്രധാനപ്രതിരോധക്കരാര്‍ എന്തടിസ്ഥാനത്തിലാണ് ഏല്‍പിക്കുന്നതെന്നും ചോദ്യമുയര്‍ന്നു.
പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ റഫാല്‍ വിമാനം ഇന്ത്യയിലെത്തിച്ചത് നിര്‍ണായകനേട്ടമായി എന്‍ഡിഎ അവതരിപ്പിച്ചു. അപ്പോഴും പ്രതിപക്ഷവും രാഹുല്‍ ഗാന്ധിയും വിമര്‍ശനമുയര്‍ത്തി. ഇത് തദ്ദേശീയമായി നിര്‍മിച്ച പോര്‍വിമാനമായിരുന്നെങ്കില്‍, ആഘോഷം അര്‍ത്ഥവത്തായേനെ, വിദേശത്ത് നിന്ന് കൊണ്ടുവരുന്ന ഒരു വിമാനത്തിന്‍റെ പേരില്‍ ആഘോഷം നടത്തുന്നത് എന്തിന് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ചോദ്യം.
ഇതിനെല്ലാം മറുപടിയായിട്ടുകൂടിയാണ് പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതെന്നാണ് സൂചന.

ആയുധങ്ങൾ ഇന്ത്യൻ നിർമ്മിക്കും , ഇറക്കുമതി നിരോധിക്കും; നിർണായക നീക്കവുമായി കേന്ദ്രം
Read Time:7 Minute, 42 Second