മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിന്റെ തിയ്യതി സ്ഥിരീകരിച്ച് ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. സപ്ബംതര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയായിരിക്കും ടൂര്‍ണമെന്റെന്ന് അദ്ദേഹം പിടിഐയൊടു പറഞ്ഞു. നേരത്തേ സപ്തംബര്‍ 26 മുതലായിരിക്കും ടൂര്‍ണമെന്റ് തുടങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. കൊവിഡ് ഭീഷണി നേരിടാനുള്ള മുന്‍കരുതലുകളെക്കുറിച്ചുള്ള നടപടി ക്രമങ്ങള്‍ തയ്യാറാക്കുകയാണ്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ കത്തയക്കുകയും ചെയ്യും. മല്‍സരങ്ങള്‍ക്കു കാണികളെ അനുവദിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഎഇ സര്‍ക്കാരാണ്. അത് എന്തു തന്നെ ആയാലും സാമൂഹിക അകലം പാലിച്ചേ തീരൂ.
യുഎഇയില്‍ നിലവില്‍ മൂന്നു ഗ്രൗണ്ടുകളാണുള്ളത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ഷെയ്ക് സയ്ദ് സ്റ്റേഡിയം (അബുദാബി), ഷാര്‍ജ ഗ്രൗണ്ട് എന്നിവയാണിത്. ടീമുകള്‍ക്കു പരിശീലനം നടത്തുന്നതിനായി ഐസിസി അക്കാദമിയുടെ ഗ്രൗണ്ടുകള്‍ ബിസിസിഐ വാടകയ്ക്കു എടുക്കുമെന്നാണ് വിവരം. ദുബായിലെ നിലവിലുള്ള ആരോഗ്യ പെരുമാറ്റച്ചട്ടം അനുസരിച്ച് കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന രേഖയുണ്ടെങ്കില്‍ ഇവിടെയെത്തുന്നവര്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ല. എന്നാല്‍ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലാത്തവരെ തീര്‍ച്ചയായും പരിശോധനയ്ക്കു വിധേയരാക്കും.
രാജ്യത്തു കൊവിഡ് വ്യാപനം നിയന്ത്രാണാതീതമായതില്‍ ഐപിഎല്‍ യുഎഇയില്‍ ആയിരിക്കും നടക്കുകയെന്ന് പട്ടേല്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതിനായി സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് ബിസിസിഐ. അതിനു ശേഷമായിരിക്കും മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
ഡിസംബറില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. ഇതിനു വേണ്ടി മികച്ച തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് ഐപിഎല്‍ നേരത്തേ ആരംഭിക്കുന്നതെന്നാണ് വിവരം. നാലു ടെസ്റ്റുകളുടെ പരമ്ബരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. ഒരു ഡേ നൈറ്റ് ടെസ്റ്റുള്‍പ്പെടുന്ന പരമ്ബര ഡിസംബര്‍ മൂന്നിനാണ് തുടങ്ങുന്നത്. പരമ്ബരയ്ക്കു മുമ്ബ് ഇന്ത്യന്‍ ടീമിന് ഓസ്‌ട്രേലിയയില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയേണ്ടി വരും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരുന്ന ടി20 ലോകകപ്പ് ഐസിസി മാറ്റി വച്ചതോടെയാണ് ഈ വിന്‍ഡോ ഐപിഎല്ലിനു തുറന്നു കിട്ടിയത്. തിങ്കളാഴ്ചയാണ് കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നു ഈ വര്‍ഷം ലോകകപ്പുണ്ടാവില്ലെന്നു ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതതോടെ ഐപിഎല്ലുമായി ബിസിസിഐ മുന്നോട്ട് പോവുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ മല്‍സക്രമം ഈയാഴ്ച ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിനു ശേഷം പ്രഖ്യാപിച്ചേക്കും. ടൂര്‍ണമെന്റ് സപ്തംബര്‍ 26നായിരിക്കില്ല മറിച്ച് 19ന് തന്നെ ആരംഭിക്കുമെന്ന് ബിസിസിഐ ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളെയും അറിയിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ച് ടൂര്‍ണമെന്റിന് തയ്യാറെടുക്കാനാണ് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സപ്തംബര്‍ 19ന് ശനിയാഴ്ച മുതല്‍ നവംബര്‍ എട്ടിന് ഞായറാഴ്ച വരെയായിരിക്കും ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുക. 51 ദിവസമായിരിക്കും ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം. ഇത് ഫ്രാഞ്ചൈസികള്‍ക്കും ബോഡ്കാസ്റ്റര്‍മാര്‍ക്കും മറ്റു ഓഹരി ഉടമുകള്‍ക്കുമെല്ലാം സ്വീകാര്യമാവുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു. ഐപിഎല്‍ വെട്ടിച്ചുരുക്കാതെ മുന്‍ സീസണുകള്‍ പോലെ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 51 ദിവസം കൊണ്ടായിരിക്കും 60 മല്‍സരങ്ങള്‍. അഞ്ചില്‍ കൂടുതല്‍ ഡബിള്‍ ഹെഡ്ഡേഴ്‌സുമുണ്ടാവില്ല (ഒരു ദിവസം രണ്ടു മല്‍സരങ്ങള്‍). സപ്തംബര്‍ 19ന് തന്ന ടൂര്‍ണമെന്റ് തുടങ്ങുന്നതിനാല്‍ ആഗസ്റ്റ് 20നുള്ളില്‍ ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്കു തിരിക്കും. എങ്കില്‍ മാത്രമേ ഒരു മാസമെങ്കിലും തയ്യാറെടുപ്പ് നടത്താന്‍ ടീമുകള്‍ക്കു അവസരം ലഭിക്കുകയുള്ളൂ.