പാലത്തായിയിൽ ഉന്നാവോ ആവർത്തിക്കപ്പെടുമോ എന്ന് ഭയപ്പെടുന്നു, സുരക്ഷയൊരുക്കണം: എ കെ എം അഷ്‌റഫ്

പാലത്തായിയിൽ ഉന്നാവോ ആവർത്തിക്കപ്പെടുമോ എന്ന് ഭയപ്പെടുന്നു, സുരക്ഷയൊരുക്കണം: എ കെ എം അഷ്‌റഫ്

1 0
Read Time:6 Minute, 1 Second

മഞ്ചേശ്വരം: പാലത്തായിയിലെ പീഡനത്തിനിരയായ പെൺകുട്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. പാലത്തായിയിലും ഉന്നാവോ ആവർത്തിക്കപ്പെടുമോ എന്ന ഭയം സുരേന്ദ്രന്റെ പോസ്റ്റ് കാണുമ്പോൾ ഉണ്ടാകുന്നുണ്ടെന്നും ഇരക്ക്
സുരക്ഷയൊരുക്കണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ സുരേന്ദ്രൻ പാലത്തായിയിൽ മൃഗീയമായ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്ത ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാനിടയായി. കേരളം നടുങ്ങിയ ഒരു പീഡന വാർത്തയിലെ ഇരയെ ചിലരുടെ ഗൂഡാലോചനക്കനുസരിച്ച് കള്ളം പറയുന്നതാണെന്ന് സമർത്ഥിക്കുന്ന സുരേന്ദ്രൻ മറ്റെല്ലാ പ്രോപഗണ്ടകളെയും പോലെ ഇതിനും തീവ്രവാദ ബന്ധമുപയോഗിക്കാനും വളരെ വിദഗ്ധമായി ശ്രമിക്കുകയാണ്..!
പിഞ്ചു ബാലികയെ നിർദാക്ഷിണ്യം ബലാത്സംഗം ചെയ്ത പത്മനാഭൻ നിരപരാധിയാണത്രെ..!! ഉന്നാവോയിലെ ഒരു പാവം പെൺകുട്ടിയെ തന്റെ രതിനിർവേദ്യത്തിന് ബലാൽക്കാരമായി ഉപയോഗിക്കുകയും പരാതി പറഞ്ഞതിന് ആ പെൺകുട്ടിയുടെ പിതാവിനെ കൊല്ലുകയും വിചാരണ ദിവസം കോടതിയിലേക്ക് പോകുന്ന വഴിക്ക് രണ്ട് സാക്ഷികളെ കൊലപ്പെടുത്തുകയും പെൺകുട്ടിയെ അപകടത്തിൽ പെടുത്തി ജീവശ്ചവമാക്കുകയും ചെയ്ത കുൽദീപ് സിങ് സെൻഗർ എന്ന ബിജെപി നേതാവായ എം എൽ എയെയും ഇത് പോലെയാണ് ഉത്തർ പ്രദേശ് ബിജെപി നേതൃത്വം ന്യായീകരിച്ചിരുന്നത്..!
മോദി മന്ത്രിസഭാംഗമായിരുന്ന മുതിർന്ന നേതാവ് നിഹാൽ ചന്ദ് ഇത് പോലൊരു ബലാത്സംഗ കേസിൽ പ്രതിയാണെന്ന് തെളിയിക്കപ്പെട്ടപ്പോൾ അന്നത്തെ ബിജെപി പ്രസിഡന്റ് അമിത് ഷായും സുരേന്ദ്രനെ പോലെ തന്നെയാണ് ന്യായീകരിച്ചിരുന്നത്..!
കത്വയിൽ കൊച്ചു വിദ്യാർത്ഥിനിയെ അമ്പലത്തിനകത്ത് വെച്ച് പിച്ചിച്ചീന്തിയ അച്ഛനും മകനും അനുകൂലമായി ജമ്മു കശ്മീരിലെ ബിജെപി മന്ത്രിമാരുടെ നേതൃത്വത്തിൽ റാലി പോലും നടത്തിയിരുന്നു..!!
വഡോദരയിലെ സ്വന്തം ഉടമസ്ഥതയിലുള്ള നഴ്‌സിംഗ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപിയുടെ വക്താവ് കൂടിയായിരുന്ന ജയേഷ് പട്ടേൽ, ബി പി എൽ കാർഡ് ശരിയാക്കി കൊടുക്കാനെന്ന പേരിൽ അനുയായികളെ കൊണ്ട് വിളിപ്പിച്ച് ഒരു ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച മധ്യപ്രദേശിലെ ബിജെപി സീനിയർ നേതാവ് ഭോജ്‌പാൽ സിംഗ്, സ്വന്തം പാർട്ടിയിലെ യുവ നേതാവായ സ്ത്രീയെ പീഡിപ്പിച്ച് വിഡിയോ പകർത്തിയ ഹിമാചൽ പ്രദേശ് ബിജെപി നേതാവ് ഉപേൻ പണ്ഡിറ്റ്, പി ജി സ്റ്റുഡന്റായ പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി മുൻ മന്ത്രി സ്വാമി ചിന്മയാനന്ദ് തുടങ്ങി നൂറോളം ബിജെപി നേതാക്കളുടെ ഇത്തരം കണ്ണിൽ ചോരയില്ലാത്ത ലൈംഗികാതിക്രമങ്ങളെ കണ്ണടച്ച് പ്രോത്സാഹിപ്പിച്ച ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റിൽ നിന്നും ഇതല്ലാതെ വേറൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെ ക്രൂരത പ്രകടിപ്പിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത ക്ഷോഭമാണനുഭവപ്പെടുന്നത്..!
പാലത്തായിയിലും ഉന്നാവോ ആവർത്തിക്കപ്പെടുമോ എന്ന് സുരേന്ദ്രന്റെ പോസ്റ്റ് കാണുമ്പോൾ ഞാൻ ഭയപ്പെടുന്നു..!
പീഡനത്തിനിരയായ ബാലികയെ പരസ്യമായി അധിക്ഷേപിച്ചതിനും പച്ചക്കള്ളങ്ങളെഴുതി ആശയക്കുഴപ്പമുണ്ടാക്കി കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ചതിനും ഇരയെ തീവ്രവാദ ബന്ധം വരെ ആരോപിച്ച് മാനസികമായി തളർത്താൻ ശ്രമിച്ചതിനും കെ സുരേന്ദ്രനെതിരെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സഖാവ് പിണറായി വിജയൻ എന്ത് നിയമ നടപടിയാണ് സ്വീകരിക്കുകയെന്നും ഇത്തരം പ്രകോപനങ്ങളുടെ പശ്ചാത്തലത്തിൽ ഇരയായ പെൺകുട്ടിക്ക് കേരള ഗവൺമെന്റ് ശക്തമായ സുരക്ഷയൊരുക്കുമോ എന്നും പ്രബുദ്ധ കേരളം ഉറ്റു നോക്കുകയാണ്..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!