Read Time:1 Minute, 23 Second
തളിപ്പറമ്പ് :
തളിപ്പറമ്പിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. ജില്ലാ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പരിശോധന നടത്തി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ തുടങ്ങിയ പരിശോധന വൈകുന്നേരത്തോടെ ആണ് അവസാനിച്ചത്. സാനിറ്റൈസർ നിർമ്മാണത്തിനായി കൊണ്ടു വന്ന അൻപതിനായിരത്തോളം രൂപ വരുന്ന അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു.
ഫിനോയിൽ, കാർ വാഷ്, ലിക്വിഡ് സോപ്പ് തുടങ്ങിയ സാധനങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ മറവിലാണ് ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമ്മാണം നടത്തിയത്. സ്ഥാപന ഉടമ ലത്തീഫിന്റെ പേരിൽ കേസ് എടുത്തു.
ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ അനിൽ കുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഡ്രഗ് ഇൻസ്പെക്ടർമാരായ ഡോ പി ഫൈസൽ, കെ നീതു, പി എം സന്തോഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.