രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുമെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് രോഗം പിടിപെടാൻ സാധ്യതയുണ്ട്. രോഗവ്യാപനം മാസങ്ങളോളം തുടരും. അതീവജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചു. രോഗവ്യാപനത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനായി രാജ്യത്തെ 83 ജില്ലകളിലായി നടത്തിയ സെറം സർവ്വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. എന്നാൽ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് ഇന്ത്യ ഇനിയും എത്തിയിട്ടില്ലെന്ന് ഐസിഎംആർ ആവർത്തിച്ചു.
നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ രോഗവ്യാപനത്തിന് സാധ്യതയേറെയാണ്. പ്രാദേശികമായ അടച്ചിടൽ നടപടികൾ തുടരണം. രോഗം പിടിപെടാൻ കൂടുതൽ സാധ്യതയുള്ള വൃദ്ധജനങ്ങൾ അടക്കമുള്ളവരെ സംരക്ഷിക്കണം. രോഗവ്യാപനം തടയുന്നതിനുള്ള നിയന്ത്രണ നടപടികൾ സംസ്ഥാനങ്ങൾ കർക്കശമായി തുടരണം. നിരീക്ഷണ നടപടി കർക്കശമാക്കണം. ചികിൽസയ്‌ക്ക് പുറമെ സ്വീകരിക്കേണ്ട നടപടികളായ സാമൂഹ്യാകലം പാലിക്കൽ, മാസ്‌ക്ക് ധരിക്കൽ, കൈകൾ വൃത്തിയായി സൂക്ഷിക്കൽ, പൊതുഇടങ്ങളിൽ തുപ്പാതിരിക്കൽ എന്നിവ സജീവമായി തുടരണമെന്ന് ഐസിഎംആർ നിർദേശിച്ചു. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലെ തീവ്രവ്യാപനമേഖലകളിലും 21 സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലുമാണ് സെറം സർവേ നടത്തിയത്.
സമൂഹവ്യാപനം മുമ്പേ തുടങ്ങിയെന്ന് വിദഗ്‌ധർ
സമൂഹവ്യാപനമില്ലെന്ന് ആവർത്തിക്കുന്നതിലൂടെ സർക്കാരിന്റെ പിടിവാശിയാണ് പ്രകടമാകുന്നതെന്ന് ദേശീയ ആരോഗ്യ വിഭവകേന്ദ്രം മുൻ ഡയറക്ടർ ഡോ. ടി സുന്ദരരാമൻ പറഞ്ഞു. ഒരു മേഖല പൂർണമായും അടച്ചിടേണ്ട സ്ഥിതിയുണ്ടെങ്കിൽ രോഗവ്യാപനത്തിന്റെ സ്രോതസ്സ് അറിയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. സമൂഹ്യവ്യാപനം നിരാകരിക്കുകവഴി കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ളവർക്ക് പരിശോധനയ്‌ക്കുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്–- സുന്ദരരാമൻ പറഞ്ഞു.
സമൂഹവ്യാപനം തുടങ്ങിയിട്ട് കുറച്ചുനാളായെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്ന് ഐസിഎംആർ രൂപീകരിച്ച പകർച്ചവ്യാധി ഉപഗ്രൂപ്പ് അംഗവും വെല്ലൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ജയപ്രകാശ് മുലിയിൽ പറഞ്ഞു. ഇത് സർക്കാർ ധീരമായി അംഗീകരിക്കണം. അതിൽ തെറ്റൊന്നുമില്ല–- മുലിയിൽ പറഞ്ഞു.
രോഗികൾ പെരുകുന്നു ; ലോകത്ത് നാലാമത് ഇന്ത്യ
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് നാലാംസ്ഥാനത്ത്. സ്‌പെയിനിനെയും ബ്രിട്ടനെയുമാണ് മറികടന്നത്. യുഎസും ബ്രസീലും റഷ്യയുംമാത്രമാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യക്കു മുന്നിൽ. രാജ്യത്ത് കോവിഡ്കേസുകൾ മൂന്നു ലക്ഷത്തോടടുത്തു. രോഗികൾ 2.97 ലക്ഷം കടന്നതോടെയാണ് ബ്രിട്ടനെയും സ്‌പെയിനിനെയും പിന്നിലാക്കിയത്. സ്‌പെയിനിൽ ഇതുവരെയായി 2.89 ലക്ഷവും ബ്രിട്ടനിൽ 2.90 ലക്ഷം രോഗികളുമാണുള്ളത്. കോവിഡ് മരണങ്ങളിൽ ക്യാനഡയെ മറികടന്ന് ഇന്ത്യ 11–-ാമത് എത്തിയിരുന്നു.
രാജ്യത്ത് തുടർച്ചയായ രണ്ടാംദിവസവും പതിനായിരത്തിലേറെ പുതിയ രോഗികളും 350ൽ ഏറെ മരണവും റിപ്പോർട്ട് ചെയ്‌തു. ഇതാദ്യമായി 11,000ൽ ഏറെ പുതിയ കേസ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്തു. ആകെ 11,156 കേസും 358 മരണവുമാണ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. എന്നാൽ, 24 മണിക്കൂർ കാലയളവിലെ സർക്കാർ കണക്കുപ്രകാരം 9996 പുതിയ കേസും 357 മരണവുമാണ്. നിലവിൽ 1,37,448 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച 3607 പുതിയ കേസ് റിപ്പോർട്ട് ചെയ്‌തു. 152 പേർകൂടി മരിച്ചു. ഇതുരണ്ടും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ആകെ രോഗികൾ 97,648 ആയി. മരണം 3590ഉം. ഡൽഹിയിൽ 1877 പുതിയ രോഗബാധയും 101 മരണവും റിപ്പോർട്ട് ചെയ്‌തു. ഇത് രണ്ടും ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഡൽഹിയിൽ ആകെ മരണം 1000 കടന്നു. കേസുകൾ 34,687 ആയി. തമിഴ്‌നാട്ടിൽ 1875 പുതിയ കേസും 23 മരണവും റിപ്പോർട്ട് ചെയ്‌തു.