കെ.എം.സി.സി യെ അതിന്റെ വളർച്ചയുടെ കാലഘട്ടം മുതൽ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യനായിരുന്നു ഇന്നലെ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി. 1993 ൽ ദുബൈ കെ.എം.സി.സി ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന കാലത്താണ് അന്നത്തെ കെ.എം.സി.സി പ്രസിഡന്റ് പി.എ.അബ്ബാസ് സാഹിബ് പരിജയപ്പെടുത്തി തന്നത്. അന്ന് കെ.എം.സി.സി പ്രവർത്തകർ റാഷിദ് ഹോസ്പിറ്റലിൽ രക്തം കൊടുത്ത് കിട്ടുന്ന 200 ദിർഹം സ്വരൂപിച്ചായിരുന്നു ഓഫീസിന്റെ വാടക പോലും കൊടുത്തിരുന്നത്. ആ വളർച്ചയുടെ കാലഘട്ടത്തിൽ കെ.എം.സി.സിയെ കൈ പിടിച്ചുയർത്തിയ ചുരുക്കം ചില ധനികരിൽ ഒരാളായിരുന്നു മെട്രോ മുഹമ്മദ് ഹാജി.
കെ.എം.സി.സിയുടെ ആവശ്യവും പറഞ്ഞ് മുഹമ്മദ് സാഹിബിനെ ബന്ധപ്പെട്ടാൽ അദ്ധേഹം ഉദാരമായി സഹായിക്കുമായിരുന്നു. അന്ന് ദുബൈയിൽ കർട്ടന് പിറകിൽ നിന്ന് സമുദായത്തിന് വേണ്ടി പ്രവർത്തിച്ച അദ്ധേഹം, പിന്നീട് നാട്ടിൽ വന്ന് മുസ്ലിം ലീഗിലും സമസ്തയിലുമൊക്കെ ശക്തമായ പ്രവർത്തനം കാഴ്ച്ചവെച്ചാണ് നേതൃ നിരയിലേക്ക് ഉയർന്ന് വന്നത്. എറ്റവും അടിത്തട്ടിലെ പ്രവർത്തകരോടും നേതാക്കൻമാരോടും പണ്ഡിതരോടും എങ്ങനെ പെരുമാറണമെന്ന് അദ്ധേഹം ഒരു മാതൃകയായിരുന്നു.
മൂന്ന് വർഷം മുമ്പ് മെട്രോ മുഹമ്മദ് ഹാജിയെ ദുബൈ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചിരുന്നു. അന്ന് അദ്ധേഹത്തിന് അസൗകര്യം നേരിട്ടതിനാൽ അദ്ധേഹത്തിന്റെ മകനായിരുന്നു അവാർഡ് സ്വീകരിച്ചിരുന്നത്. സമൂഹ നന്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ചിരുന്ന അദ്ധേഹത്തിന്റെ വിയോഗം കേരള രാഷട്രീയത്തിൽ നികത്താൻ കഴിയാത്ത വിടവ് സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അല്ലാഹു അദ്ധേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ……ആമീൻ
ഇബ്രാഹിം മുറിച്ചാണ്ടി