പാക്കിസ്ഥാന് പിന്നാലെ കിവീസിനോടും ദയനീയമായി തോറ്റ് ഇന്ത്യ; സെമി സാധ്യത മങ്ങി

0 0
Read Time:8 Minute, 17 Second

പാക്കിസ്ഥാന് പിന്നാലെ കിവീസിനോടും ദയനീയമായി തോറ്റ് ഇന്ത്യ; സെമി സാധ്യത മങ്ങി

ദുബായ്: ദയനീയമായി തോറ്റു. അല്ല; തകർന്നടിഞ്ഞു! ട്വന്റി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് മുതൽ തൊട്ടതെല്ലാം പിഴച്ച ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസീലൻഡ് തകർത്തുവിട്ടത്. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന്റെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യയുടെ സെമി സാധ്യത ഇതോടെ മങ്ങി. ന്യൂസീലൻഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 33 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.ഇന്ത്യ തുടർച്ചയായ രണ്ടാം തോൽവിയോടെ പുറത്താകലിന്റെ വക്കിലെത്തിയപ്പോൾ, ആദ്യ ജയത്തോടെ ന്യൂസീലൻഡ് സെമി പ്രതീക്ഷ കാത്തു. ആദ്യ മത്സരത്തിൽ ന്യൂസീലൻഡും പാക്കിസ്ഥാനോടു തോറ്റിരുന്നു. 2003നുശേഷം ഐസിസി ടൂർണമെന്റുകളിൽ ന്യൂസീലൻഡിനെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടിന്റെ തുടർച്ചയായാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലും ഇന്ത്യ മറ്റൊരു തോൽവി ഏറ്റുവാങ്ങിയത്. ടൂർണമെന്റിലെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ, സ്കോട്‌ലൻഡ്, നമീബിയ എന്നിവരെ തോൽപ്പിച്ചാലും ഇന്ത്യ സെമിയിലെത്താൻ സാധ്യത തീർത്തും വിരളം. ആദ്യ രണ്ടു മത്സരങ്ങളിലെ കനത്ത തോൽവി ഇന്ത്യയുടെ നെറ്റ് റൺറേറ്റിനെയും ബാധിച്ച സാഹചര്യത്തിലാണിത്.ഇന്ത്യൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ച പിച്ചിൽ അർധസെഞ്ചുറിയുടെ വക്കിലെത്തിയ ഓപ്പണർ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡ് വിജയം അനായാസമാക്കിയത്. മിച്ചൽ 35 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 49 റൺസെടുത്ത് പുറത്തായി.ഓപ്പണർ മാർട്ടിൻ ഗപ്ടിൽ സമ്മാനിച്ച മികച്ച തുടക്കവും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ക്ഷമപൂർവമുള്ള ഇന്നിങ്സും കിവീസ് വിജയം കൂടുതൽ അനായാസമാക്കി. ഗപ്ടിൽ 17 പന്തിൽ മൂന്നു ഫോറുകൾ സഹിതം 20 റൺസുമായി പുറത്തായി. വില്യംസൻ 31 പന്തിൽ മൂന്നു ഫോർ സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് വില്യംസൻ – മിച്ചൽ സഖ്യം കിവീസിന് വിജയം സമ്മാനിച്ചത്. 54 പന്തിൽ ഇരുവരും ചേർന്ന് സ്കോർ ബോർഡിലെത്തിച്ചത് 72 റൺസ്. ഡിവോൺ കോൺവേ രണ്ടു റൺസോടെ വിജയത്തിലേക്ക് വില്യംസനു കൂട്ടുനിന്നു.ഇന്ത്യയ്ക്ക് ലഭിച്ച രണ്ടു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര സ്വന്തമാക്കി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര രണ്ടു വിക്കറ്റെടുത്തത്. രണ്ട് ഓവറിൽ 23 റൺസ് വഴങ്ങി രവീന്ദ്ര ജഡേജ, ഒരു ഓവറിൽ 11 റൺസ് വഴങ്ങിയ മുഹമ്മദ് ഷമി, 1.3 ഓവറിൽ 17 റൺസ് വഴങ്ങിയ ഷാർദുൽ ഠാക്കൂർ തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. ഇടവേളയ്ക്കുശേഷം ബോൾ ചെയ്ത ഹാർദിക് പാണ്ഡ്യ രണ്ട് ഓവറിൽ 17 റൺസ് വഴങ്ങി.നേരത്തെ, ഒരിക്കൽകൂടി നിർണായകമായ ടോസ് ഭാഗ്യം വിരാട് കോലിയെ കൈവിട്ടതോടെ ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 110 റൺസെടുത്തത്. അവസാന ഓവറിലെ സിക്സ് സഹിതം 19 പന്തിൽ പുറത്താകാതെ 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്. ന്യൂസീലൻഡിനെതിരെ തന്നെ 2016ൽ നാഗ്പുരിൽ നേടിയ 79 റൺസാണ് ഏറ്റവും ചെറിയ സ്കോർ.കൂട്ടത്തകർച്ചയ്ക്കിടെ മധ്യ ഓവറുകളിൽ കടുത്ത ബൗണ്ടറി വരൾച്ച നേരിട്ട ഇന്ത്യ, ഒരു ബൗണ്ടറി പോലുമില്ലാതെ പിന്നിട്ടത് 71 പന്തുകളാണ്. ഈ ലോകകപ്പിലെ തന്നെ ആദ്യ സംഭവം. ആറാം ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുൽ നേടിയ ബൗണ്ടറിക്കുശേഷം ഒരു ഇന്ത്യൻ താരം ബൗണ്ടറി നേടിയത് 17–ാം ഓവറിലാണ്. ഈ ഓവറിലെ അവസാന പന്തിൽ ഹാർദിക് പാണ്ഡ്യയാണ് ബൗണ്ടറി കണ്ടെത്തിയത്. ഒരുവേള 100 കടക്കുമോയെന്നു സംശയിച്ച ഇന്ത്യയെ അവസാന ഓവറിൽ നേടിയ സിക്സർ സഹിതം രവീന്ദ്ര ജഡേജയാണ് 110ൽ എത്തിച്ചത്.കെ.എൽ. രാഹുൽ (16 പന്തിൽ 18), ഇഷാൻ കിഷൻ (എട്ടു പന്തിൽ നാല്), രോഹിത് ശർമ (14 പന്തിൽ 14), വിരാട് കോലി (17 പന്തിൽ ഒൻപത്), ഋഷഭ് പന്ത് (19 പന്തിൽ 12), ഹാർദിക് പാണ്ഡ്യ (24 പന്തിൽ 23), ഷാർദുൽ ഠാക്കൂർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇഷ് സോധി നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ടിം സൗത്തി നാല് ഓവറിൽ 26 റൺസ് വഴങ്ങിയും ആദം മിൽനെ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ മിച്ചൽഡ സാന്റ്നറിന്റെ പ്രകടം ശ്രദ്ധേയമായി.മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി രോഹിത് – രാഹുൽ സഖ്യത്തിനു പകരം ഇഷാൻ കിഷൻ – കെ.എൽ. രാഹുൽ സഖ്യമാണ് ഓപ്പൺ ചെയ്തത്. 2013നുശേഷം ട്വന്റി20യിൽ രോഹിത് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാത്തത് ഇത് മൂന്നാം തവണ മാത്രമാണ്.രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ന്യൂസീലൻഡിനെതിരെ കളത്തിലിറങ്ങിയത്. ഭുവനേശ്വർ കുമാറിനു പകരം ഷാർദുൽ ഠാക്കൂറും സൂര്യകുമാർ യാദവിനു പകരം ഇഷാൻ കിഷനും ടീമിൽ ഇടം നേടി. ന്യൂസീലൻഡ് നിരയിലും ഒരു മാറ്റമുണ്ടായിരുന്നു. ടിം സീഫർട്ടിനു പകരം ആദം മിൽനെ ടീമിലെത്തി. സീഫർട്ടിനു പകരം ഡിവോൺ കോൺവേ വിക്കറ്റ് കീപ്പറായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!