കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അഞ്ച് നിയോജകമണ്ഡലങ്ങളുള്ള കാസര്‍കോട്ടും മത്സരം കടുക്കുമെന്ന് ഉറപ്പായി. ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്തും കാസര്‍കോട്ടും ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റുകളായ ഉദുമ,കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.
ഇടതുസ്ഥാനാര്ത്ഥികളില് മത്സരരംഗത്ത് ഉറപ്പിച്ച പേരുകളിലൊന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റേതാണ്. ഒരാള്‍ക്ക് മൂന്നുതവണ മത്സരിക്കാമെന്ന നിര്‍ദ്ദേശം ഉരുത്തിരിഞ്ഞുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പേര് ഉറപ്പിച്ചിരുന്നു.നിലവിലുള്ള സി.പി.ഐ മന്ത്രിമാരില്‍ ഇദ്ദേഹത്തിന് മാത്രമാണ് മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്.
ഇടതുമുന്നണി കൈവശം വെക്കുന്ന ഉദുമയില്‍ സിറ്റിംഗ് എം.എല്‍.എ കെ.കുഞ്ഞിരാമന് രണ്ട് തവണ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തൃക്കരിപ്പൂരില്‍ എം.രാജഗോപാലന്‍ ഒരു തവണ മാത്രമെ മത്സരിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും പിന്നിലായ മഞ്ചേശ്വരത്തും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇടതുമുന്നണിയ്ക്ക് കണ്ടെത്തേണ്ടതുണ്ട്.
തല പുകച്ച് യു.ഡി.എഫ്
സിറ്റിംഗ് സീറ്റുകളായ മഞ്ചേശ്വരത്തും കാസര്‍കോട്ടുമടക്കം ഇക്കുറി യു.ഡി.എഫിന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ആലോചനകള്‍ വേണ്ടതുണ്ട്. കാസര്‍കോട്ട് എന്‍.എ.നെല്ലിക്കുന്ന് രണ്ട് ടേം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫാഷന്‍ ഗോള്‍ഡ് കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം കഴിഞ്ഞെത്തിയ എം.സി.ഖമറുദ്ദീനെ മാറ്റിനിര്‍ത്തുന്ന കാര്യവും മുസ്ലിം ലീഗിന് മുന്നിലുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ ഉദുമ പിടിച്ചെടുക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്നതാണ് യു.ഡി.എഫിന്റെ തീരുമാനം.കഴിഞ്ഞ തവണ കെ.സുധാകരനെ ഇറക്കിയിട്ടും കെ.കുഞ്ഞിരാമനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പെരിയ ഇരട്ടക്കൊലയടക്കമുള്ള വിഷയങ്ങള്‍ ഇക്കുറി അനുകൂലമാകുമെന്ന വിലയിരുത്തല്‍ അവര്‍ക്കുണ്ട്. കോണ്‍ഗ്രസ് കാലങ്ങളായി പരാജയപ്പെടുന്ന സീറ്റ് വിട്ടുനല്‍കണമെന്ന ആവശ്യം മുസ്ലിം ലീഗില്‍ നിന്ന് ഉയരാനുള്ള സാഹചര്യവും ഇവിടെയുണ്ട്. ഇ.ചന്ദ്രശേഖരനെ കാഞ്ഞങ്ങാട്ട് നേരിടാനുള്ള ശക്തനായ സ്ഥാനാര്‍ത്ഥിയേയും കോണ്‍ഗ്രസ് തേടുകയാണ്. ഇതുവരെ പച്ചതൊട്ടില്ലെങ്കിലും കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കരിപ്പൂരും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി മോഹികള്‍ കണ്ണുവച്ച സീറ്റുകളിലൊന്നാണ്.
പിടിമുറുക്കാന്‍ എന്‍.ഡി.എ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടിന്റെ വ്യത്യാസത്തില്‍ കൈവിട്ട മഞ്ചേശ്വരം ബി.ജെ.പിയെ ഇക്കുറി വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരു തന്നെയാണ് ഇക്കുറിയും മുന്നിലുള്ളത്. എം.സി.ഖമറുദ്ദീന് എം.എല്‍.എയ്ക്കെതിരെയുണ്ടായ കേസും ജയില്വാസവുമടക്കം ഉന്നയിച്ച് ശക്തമായ പ്രചാരണം നടത്തി സീറ്റ് പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. കാലങ്ങളായി രണ്ടാമതെത്തുന്ന കാസര്‍കോടിന് പുറമെ ഉദുമ, കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ നിയോജകമണ്ഡലങ്ങളിലും
വിജയപ്രതീക്ഷ വച്ചാണ് എന്‍.ഡി.എയുടെ പദ്ധതികളൊരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ; കാസറഗോഡിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെയും മത്സരം കടുപ്പമേറിയതാവും
Read Time:5 Minute, 8 Second


