ചെന്നൈ: 2021ലെ ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ള താര ലേലം പുരോഗമിക്കുന്നു. പ്രമുഖ താരങ്ങള്‍ക്കായി ടീമുകള്‍ മത്സരിക്കുന്നതിനിടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ക്രിസ് മോറിസ് മാറി. 16.25 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സാണ് മോറിസിനെ സ്വന്തമാക്കിയത്.
ആദ്യഘട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സുമാണ് ക്രിസ് മോറിസിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍ രാജസ്ഥാന് റോയല്‍സും കിംഗ്സ് ഇലവന് പഞ്ചാബും തമ്മിലായി പിന്നീടുള്ള മത്സരം. അവസാനം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്ക് രാജസ്ഥാന് ക്രിസ് മോറിസിനെ സ്വന്തമാക്കുകയായിരുന്നു.
ഓസീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെല്ലിനെ കോഹ്ലിപ്പട ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയതോടെ പഞ്ചാബ് മാക്സ്വെല്ലിനെ റിലീസ് ചെയ്യുകയായിരുന്നു. 13 കളികളില്‍ നിന്നും 108 റണ്‍സ് മാത്രമാണ് കഴിഞ്ഞ സീസണില്‍ മാക്സ്വെല്ലിന് നേടാനായത്.
ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മൊയീന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്സും(7 കോടി) ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി ക്യാപിറ്റല്‍സും(2.2 കോടി) സ്വന്തമാക്കി. ആകെ 294 താരങ്ങളാണ് ലേലത്തിലുള്ളത്. ഇവരില്‍ 164 പേര് ഇന്ത്യക്കാരും 124 പേര് വിദേശ താരങ്ങളുമാണ്. മലയാളി താരം സച്ചിന് ബേബിയെ ആര്‍സിബി സ്വന്തമാക്കി.