പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഇന്ന് ഏറ്റുമുട്ടും. 2 ടീമുകളും ടൂര്‍ണമെന്റ് ഫേവറിറ്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ ഉറപ്പിക്കും. തോല്‍ക്കുന്ന ടീം ബാംഗ്ലൂര്‍-ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളെ 2-ാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ ഫൈനലിലെത്താം.
മുംബൈ ഇന്ത്യന്‍സിന്റെ ഇതുവരെയുള്ള പ്രകടനം വച്ച് ചരിത്രം മുതല്‍ കണക്കു വരെ അവര്‍ക്ക് അനുകൂലമാണ്. ബാറ്റിംഗില്‍ അത്യാവശ്യസമയത്ത് ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ മുംബൈയുടെ രക്ഷയ്‌ക്കെത്തും.
സൂര്യകുമാര്‍ യാദവ് ആങ്കര്‍ റോളില്‍ ഉജ്വലമായി കളിക്കുന്നു.
യുവതാരം ഇഷന്‍ കിഷന്‍ മധ്യനിരയിലും ഓപ്പണിങ്ങിലും തിളങ്ങി. ഹാര്‍ദികും പൊള്ളാര്‍ഡും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്നുമുണ്ട്. 443 റണ്‍സ് നേടിയിട്ടുള്ള ക്വിന്റന്‍ ഡി കോക്ക് അവരുടെ ബാറ്റിംഗിന് കരുത്ത് പകരുന്നു.
23 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയോടൊപ്പം ട്രെന്റ് ബോള്‍ട്ടും എതിര്‍ ടീമുകള്‍ക്ക് പവര്‍പ്ലേയില്‍ പോലും പൂര്‍ണ്ണസ്വാതന്ത്യം അനുവദിക്കുന്നില്ല. രാഹുല്‍ ചാഹര്‍-ക്രുനാല്‍ പാണ്ഡ്യ സ്പിന്‍ ദ്വയവും മോശമല്ല. വിക്കറ്റ് വീഴ്ത്തുന്നതില്‍ ക്രുനാല്‍ കുറച്ചു കൂടി മികവു കാട്ടുകയാണെങ്കില്‍ മുംബൈ പെര്‍ഫക്‌ട് ആയി.
ഡല്‍ഹി ക്യാപിറ്റല്‍സ് കന്നിക്കിരീടത്തിനായി കാത്തിരിക്കുകയാണ്. പ്രാഥമിക ഘട്ടത്തില്‍ മുംബൈയോട് 2 വട്ടം തോറ്റ കണക്കു തീര്‍ക്കലും അവര്‍ക്കു മുന്നിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഗ്യാരന്റിയുള്ള താരം. 2 സെഞ്ചുറിയടിച്ച ശേഷം ശിഖര്‍ ധവാന്‍ പിന്നെ തിളങ്ങിയില്ല. ഋഷഭ് പന്ത് ഇതുവരെ ഇംപാക്‌ട് ഉള്ള ഒരു ഇന്നിങ്‌സ് കളിച്ചിട്ടില്ല. സ്റ്റോയ്‌നിസ് ഇടയ്‌ക്കൊന്നു മിന്നി, പിന്നെ മങ്ങി. ഹെറ്റ്‌മെയര്‍ ഫോമിലായിട്ടില്ല. പൃഥ്വി ഷാ അമ്ബേ പരാജയം.
ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ റബാദയും നോര്‍ട്യയും മുംബൈയുടെ ബുമ്രയ്ക്കും ബോള്‍ട്ടിനും ഒപ്പം നില്‍ക്കുന്നവര്‍. അശ്വിനും അക്‌സര്‍ പട്ടേലും മോശമല്ലാതെ എറിയുന്നു. ഓവര്‍ തീര്‍ക്കാന്‍ തുഷാര്‍ ദേശ്പാണ്ഡെ, സ്റ്റോയ്‌നിസ് എന്നിവരെയും ആശ്രയിക്കേണ്ടി വരും.