പഞ്ചായത്തിന്റെ നിരീക്ഷണ ക്യാമറ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്; പ്രതിഷേധവുമായി മംഗൽപാടി ജനകീയവേദി
മംഗൽപാടി ഗ്രാമ പഞ്ചായത്ത് മാലിന്യം അലക്ഷ്യമായി എറിയുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി സ്ഥാപിച്ച നിരീക്ഷണക്യാമറ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചതിൽ മംഗൽപാടി ജനകീയവേദി പ്രതിഷേധിച്ചു.
2022-23പദ്ധതിയിൽ ഉൾപെടുത്തിയാണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനമായത്. പത്തു ലക്ഷത്തോളം രൂപ ചെലവഴിച്ച് ഏഴ് നിരീക്ഷണക്യാമറകളാണ് വിവിധ വാർഡുകളിലായി സ്ഥാപിച്ചത്. ഇതിൽ ചിലതാണ് ഉപ്പള ടൗണിൽ ഒരു സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് സ്ഥാപിച്ചത്.പൊതുപണം ഉപയോഗിച്ച് സ്വകാര്യ സ്ഥലത്ത് ക്യാമറ സ്ഥാപിക്കുന്നത് നിയമവിരുദ്ധവും നിബന്ധനങ്ങൾക്ക് നിരക്കാത്തതുമാണെന്ന് ജനകിയ വേദി അഭിപ്രായപ്പെട്ടു. സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമല്ലെന്നും അതിനാൽ മാലിന്യം തള്ളുന്ന ഒരാളെ പോലും പിടിക്കപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് വി വരാവകാശ രേഖയിൽ പറയുന്നത്.ലക്ഷങ്ങൾ ചെലവഴിച്ച് മാലിന്യം തള്ളുന്നവരെ പിടി കൂടാനും പിഴ ചുമത്താനും സ്ഥാപിച്ച ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നും ആരെയും പിടികൂടാൻ കഴിഞ്ഞില്ലെന്നുമുള്ള കുറ്റസമ്മതം മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ പഞ്ചായത്തിന്റെ പ്രതിബദ്ധതയില്ലായ്മയാണ് വ്യക്തമാക്കുന്നത്. നാടിനെ മാലിന്യമുക്തമാക്കുന്നതിന് പകരം ഫണ്ടുകൾ ധൂർത്തടിക്കുന്ന ഇത്തരം നടപടിയിൽ നിന്ന് ഭരണസമിതിയും അധികൃതരും പിന്തിരിയണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു.