അര്‍ജന്റീന സെമിയില്‍; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് മെസ്സിപ്പട

0 0
Read Time:7 Minute, 33 Second

അര്‍ജന്റീന സെമിയില്‍;
നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് മെസ്സിപ്പട

ഖത്തർ: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയില്‍ അതി നിര്‍ണായകമായത്. ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍ നേടി നെതര്‍ലന്‍ഡ്‌സ് സമനില പിടിച്ചതിനെത്തുടര്‍ന്ന് നല്‍കിയ എക്‌സ്ട്രാ ടൈമില്‍ രണ്ട് ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.

ഇഞ്ച്വറി സമയത്ത് കിട്ടിയ ഫ്രീ കിക്ക് മുതലാക്കിയായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ രണ്ടാം ഗോള്‍. 2-1ന് മുന്നിട്ടുനിന്ന അര്‍ജന്റീന ഏറെക്കുറെ സെമിയിലേക്ക് കടക്കുമെന്ന് ഉറപ്പായ സമയത്തായിരുന്നു അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് ആ ഡച്ച് ഗോള്‍ പിറന്നത്. അര്‍ജന്റീനയുടെ പ്രതിരോധപ്പൂട്ട് തകര്‍ത്ത് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു വെഗോസ്റ്റ്.

73-ാം മിനിറ്റില്‍ ലഭിച്ച പെനാലിറ്റി കിക്ക് ഗോളാക്കി മാറ്റിയാണ് മെസി അര്‍ജന്റീനയെ രണ്ടാമത് മുന്നിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റുന്നതില്‍ പിഴവ് സംഭവിച്ച മെസി ഈ മത്സരത്തില്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. സെമി ഉറപ്പിച്ച അര്‍ജന്റീനയ്ക്ക് 83-ാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന്റെ മറുപടിയുമെത്തി. വെഗോര്‍സ്റ്റിന്റെ ഗോള്‍ അര്‍ജന്റീനയുടെ ലീഡ് കുറയ്ക്കുന്ന നിലയുണ്ടായി.

കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൂടുതല്‍ സമയവും നെതര്‍ലന്‍ഡ്സാണ് പന്ത് കൈവശം വച്ചത്. 63-ാം മിനിറ്റില്‍ ലഭിച്ച ഗംഭീര അവസരം തകര്‍ത്ത് മെസിയുടെ ഫ്രീ കിക്ക് പുറത്തേക്ക് പോയി. 66-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന് പകരക്കാരനായി ലിയാന്‍ഡ്രോ പരേഡസ് കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ അഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്ത അര്‍ജന്റീന മൂന്നെണ്ണം ഓണ്‍ ടാര്‍ജെറ്റിലുമടിച്ചു. ഒരൊറ്റ ഷോട്ടുപോലും ഓണ്‍ ടാര്‍ഗെറ്റിലേക്കടിക്കാന്‍ പക്ഷേ നെതര്‍ലന്‍ഡ്സിന് സാധിച്ചില്ല. പന്ത് കൂടുതല്‍ സമയവും കൈവശം വച്ചത് നെതര്‍ലന്‍ഡ്സ് ആയിരുന്നെങ്കിലും അര്‍ജന്റീന കളം പിടിക്കുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്വാട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ മെസിയുടെ തന്ത്രപൂര്‍വമായ പാസില്‍ ഡച്ച് പ്രതിരോധം തകര്‍ത്ത് മോളിനയിലൂടെയാണ് സുന്ദരമായ ആദ്യഗോള്‍ പിറന്നത്.

കളിയുടെ 43-ാം മിനിറ്റില്‍ ജൂറിന്‍ ടിംബെര്‍, 44-ാം മിനിറ്റില്‍ മാര്‍കസ് അക്യൂന, 45-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേന എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി. 48-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് സബ് സ്ട്രൈക്കര്‍ വോട്ട് വേഗ്ഹോസ്റ്റിനും മഞ്ഞക്കാര്‍ഡ് കിട്ടുന്ന സ്ഥിതിയുണ്ടായി.

കളിയുടെ എട്ടാം മിനിറ്റില്‍ ഡച്ച് കീപ്പര്‍ നോപ്പര്‍ട്ടിന്റെ പാസ് അല്‍വാരസിന് സമീപത്തെത്തിയത് നെതര്‍ലന്‍ഡ്സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. 12-ാം മിനിറ്റില്‍ ഗോളിനായുള്ള അര്‍ജന്റീനയുടെ ശ്രമം പരാജയപ്പെട്ടു. 22-ാം മിനിറ്റിലെ മെസിയുടെ നീക്കം ബാറിന് മുകളിലൂടെ പാഞ്ഞു. 24-ാം മിനിറ്റിലെ ബെര്‍ഗ്വിറ്റിന്റെ ഷോട്ടും പുറത്തേക്കായിരുന്നു.

എമിലിയാനോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, നഹുവല്‍ മൊലിന, മാര്‍ക്കോസ് അക്യൂന, റോഡ്രിഗോ ഡി പോള്‍, അലക്സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി എന്നീ ചുണക്കുട്ടികളാണ് ആരാധകരുടെ പ്രിയ ടീമായ അര്‍ജന്റീനയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്.

പ്രീ ക്വാര്‍ട്ടറില്‍ ഇറങ്ങിയ ടീമിനെ നെതര്‍ലന്‍ഡ്സ് നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ച പപ്പു ഗോമസിനെ ഒഴിവാക്കി പ്രതിരോധം ശക്തിപ്പെടുത്തിയാണ് അര്‍ജന്റീന ഇറങ്ങിയത്. 3-5-2 എന്ന അധികം പരീക്ഷിക്കാത്ത ശൈലിയാണ് ഇന്ന് മത്സരത്തില്‍ അര്‍ജന്റീന പുറത്തെടുത്തത്. ഈ മത്സരത്തില്‍ ഉണ്ടാകില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്ന ഡീ പോള്‍ ആദ്യ ഇലവനില്‍ തന്നെ ഇന്ന് കളിക്കാനിറങ്ങി. ഈ മത്സരത്തില്‍ വിജയിച്ചെത്തുന്ന ടീം സെമിയില്‍ കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ചെത്തിയ ക്രൊയേഷ്യയെയാണ് നേരിടുക.

2014ലെ സെമിഫൈനലിലാണ് അവസാനമായി അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും തമ്മില്‍ ഏറ്റുമുട്ടുന്നത്. എക്സട്രാ ടൈമിന് ശേഷം കളിയില്‍ അര്‍ജന്റീന ജയിച്ചുകയറുകയായിരുന്നു. മെക്സിക്കോ, ഓസ്ട്രേലിയ, പോളണ്ട് എന്നിവരെ തോല്‍പ്പിച്ച അര്‍ജന്റീന ലൂയി വാന്‍ ഗാളിന്റെ തന്ത്രങ്ങള്‍ പയറ്റുന്ന മികച്ച ടീമിനെ തന്നെയാണ് നേരിടുന്നത്.

നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും തമ്മിലുള്ള ആറാമത്തെ ലോകകപ്പ് ഏറ്റുമുട്ടലാണിത്. സ്വീഡനെതിരെ ബ്രസീലും ജര്‍മ്മനിക്കെതിരെ അര്‍ജന്റീനയും (രണ്ടും ഏഴ് പ്രാവശ്യം വീതം) മാത്രമാണ് ഇതിനെ മറികടന്നിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!